കൊല്ലം: കൊവിഡ് ഭീതിയുടെ മുൾമുനയിൽ നിന്നും കുളത്തൂപ്പുഴ മോചനം നേടി, എങ്ങും ആശ്വാസത്തിന്റെ പുഞ്ചിരികൾ. സമൂഹ വ്യാപനമുണ്ടാകുമെന്ന ഭീതിയിൽ നിന്നാണ് ഈ മലയോര ഗ്രാമം ആശ്വാസതീരത്തേക്കെത്തിയത്. തമിഴ് നാടിന്റെ അതിർത്തി പങ്കിടുന്ന വനമേഖലയാണ് കുളത്തൂപ്പുഴ. കാട്ടുവഴികളിലൂടെ തമിഴ് നാട്ടിലേക്ക് പോകാനും വരാനും സൗകര്യങ്ങളുമുണ്ടായിരുന്നു. പുളിയങ്കുടിയിലെ മരണവീട്ടിൽ നിന്നും മടങ്ങിവന്നയാൾ കൊവിഡുമായാണ് എത്തിയതെന്ന് അറിഞ്ഞതോടെയാണ് ഗ്രാമം ആശങ്കയുടെ മുൾമുനയിലെത്തിയത്.
ജില്ലാ ഭരണകൂടവും പൊലീസും മറ്റ് വകുപ്പുകളും കുളത്തൂപ്പുഴയെ ശ്രദ്ധാകേന്ദ്രമാക്കി. അടുക്കും ചിട്ടയും ക്രമപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ. കാട്ടുവഴികളൊക്കെ അടച്ചു. അധികൃതരറിയാതെ ഒരീച്ചപോലും അതിർത്തി കടക്കില്ലെന്ന സ്ഥിതിയുമായി. അതോടെ ഘട്ടം ഘട്ടമായി കൊവിഡ് ഓടിയൊളിച്ചു. കൊവിഡ് രോഗി മൂന്ന് തവണ ആരോഗ്യ കേന്ദ്രത്തിൽ എത്തിയിരുന്നതിനാൽ ആരോഗ്യ കേന്ദ്രംപോലും അടച്ചിടേണ്ട സ്ഥിതിയുണ്ടായിരുന്നു. നാലുപേർക്കാണ് ഈ പ്രദേശത്ത് രോഗം സ്ഥിരീകരിച്ചത്. സമൂഹ വ്യാപനത്തിന് സാദ്ധ്യതകൾ ഏറെയുണ്ടായിരുന്നു. കടുത്ത നിയന്ത്രണങ്ങൾ എല്ലാത്തിനെയും അകറ്റി. ഇപ്പോൾ കുളത്തൂപ്പുഴ ശാന്തമാണ്. ആശങ്കകൾ അകന്നു, ജനജീവിതം സാധാരണ നിലയിലേക്ക് എത്തുകയാണ്. തോട്ടം മേഖലയിൽ ജോലികൾ തുടങ്ങി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മറ്റ് തൊഴിലിടങ്ങളും സജീവമാകുന്നു. എന്നിട്ടും പൊലിസും ആരോഗ്യ വകുപ്പും ഇവിടം വിട്ടിട്ടില്ല. സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളുമായി അവരെപ്പോഴുമുണ്ട്.
പൊതുജനങ്ങളും എല്ലാത്തിനും സഹകരിച്ചതാണ് കൊവിഡിനെ തുരത്താൻ സഹായിച്ചതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ മഴക്കാലത്തിനൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും എത്തിയതിന്റെ പേടി വന്നുതുടങ്ങി. കൊതുക് ശല്യം ഏറെയുള്ള തോട്ടം മേഖലയിൽ ജാഗ്രത പുലർത്തിയേതീരൂ.