കൊല്ലം: കൊട്ടാരക്കരയിൽ ബസ് സ്റ്റാൻഡുകൾക്കിടയിലെ തിരക്കേറിയ സ്ഥലത്ത് നിന്നും ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. മനോജ് കുമാർ (ശരണ്യാ മനോജ്) പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുൻപ് ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തിച്ചിരുന്നപ്പോൾ വലിയ ബുദ്ധിമുട്ടുകളാണുണ്ടായത്. ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാർ ഉച്ചയാകുമ്പോഴേക്കും സ്റ്റാൻഡിന്റെ പരിസരത്തുതന്നെയുള്ള മദ്യശാലയിൽ നിന്നും മദ്യം വാങ്ങും. സ്റ്റാൻഡ് പരിസരത്തുവച്ചുതന്നെ കുടിക്കുകയും പിന്നീട് ജോലിയ്ക്ക് എത്തുകയുമില്ല. യാത്രക്കാരിലും നല്ലൊരുപങ്കും മദ്യപിച്ചാണ് ബസിൽ കയറുക. വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പടെയുള്ളവരുടെ പരാതികൾ നിത്യവും കേട്ടിരുന്നതാണ്.
ഈ തിരക്കേറിയ ഭാഗത്ത് നിന്നും മറ്റൊരിടത്തേക്ക് ഔട്ട് ലെറ്റ് മാറ്റി സ്ഥാപിച്ചാൽ എല്ലാ ബുദ്ധിമുട്ടുകളും മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഔട്ട്ലെറ്റ് മാറ്റുന്നതിന് ഭരണകക്ഷിയിലെ ചില നേതാക്കളാണ് തടയിടുന്നതെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ഫീനിക്സ് പബ്ളിക്കേഷൻസ് എം.ഡി രമേശ് രാമചന്ദ്രൻ പറഞ്ഞു. പി.ഐഷാപോറ്റി എം.എൽ.എയുടെ നേതൃത്വത്തിൽ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയാക്കി വന്നതാണ്. അപ്പോഴേക്കും തടയിട്ടു. നഗരസഭയുടെ കൗൺസിൽ ചേരാതെ കൗൺസിൽ തീരുമാനം കൃത്രിമമായി എഴുതി തയ്യാറാക്കി ബിവറേജസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് അനുമതി പുതുക്കി നൽകിയതായും രമേശ് രാമചന്ദ്രൻ ആരോപിച്ചു. കൊട്ടാരക്കര എസ്.ജി കോളേജടക്കം പത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും എം.എൽ.എയ്ക്കും പരാതി നൽകിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.