ലോക്ക് ഡൗൺ കാലത്തെ നേരമ്പോക്കിന് പലർക്കും സോഷ്യൽ മീഡിയകളും ടിക് ടോക്കും ഒക്കെയാണ് ശരണം. ഇപ്പോൾ വീടുകളിൽ കഴിയുന്ന സെലിബ്രിറ്റികളും ടിക്ടോക്കിലേക്ക് ചേക്കേറിയിരിക്കുകയാണ്. അത്തരത്തിലൊരു താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺന്റെ ടിക്ടോക്ക് വീഡിയോയാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യൻ സിനിമാ പാട്ടുകൾക്കും ഡയലോഗുകൾക്കും ചുണ്ടനക്കി ചുവടുവയ്ക്കുന്ന താരത്തിന്റെ ടിക്ടോക്കിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 1993 ൽ പുറത്തിറങ്ങിയ ജന്റിൽമാൻ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് പാട്ടാണ് പീറ്റേഴ്സൺ ഇക്കുറി തിരഞ്ഞെടുത്തിരക്കുന്നത്.
സാക്ഷാൽ എ.ആർ റഹ്മാനും ആ പ്രകടനം കണ്ടു. ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. എ.ആർ റഹ്മാൻ സംഗീതം നൽകിയ 'ഒട്ടകത്തൈ കട്ടിക്കോ' എന്ന പാട്ടിന് ചുവടുവെക്കാനുള്ള ശ്രമങ്ങളാണ് പീറ്റേഴ്സൺ നടത്തുന്നത്. വളരെ രസകരമായിട്ടാണ് സ്റ്റെപ്പിടുന്നത്. എന്ത് തന്നെയായാലും സംഗതി സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
ഹിന്ദിയും തമിഴും മാത്രമല്ല, തെലുങ്കിലും പീറ്റേഴ്സൺ ഒരു കൈ നോക്കിയിട്ടുണ്ട്. സൂപ്പർ ഹിറ്റായ അല്ലു അർജുൻ ഗാനം 'ബുട്ട ബൊമ്മ' എന്ന ഗാനത്തിനും പീറ്റേഴ്സൺ ചുവടുവച്ചിരുന്നു. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഓസീസ് താരം ഡേവിഡ് വാർണറും കഴിഞ്ഞദിവസം അല്ലുഅർജ്ജുന്റെ സിനിമകളിലെ പാട്ടുകൾക്ക് ചുവടുകളുമായി പ്രത്യക്ഷപ്പെട്ടിരുന്നു.