covid
വീടണഞ്ഞപ്പോൾ, കണ്ണുവെട്ടിച്ച് കാറ്റുകൊള്ളൽ!

 ഗൃഹനിരീക്ഷണത്തിലുണ്ടെന്ന് ഉറപ്പാക്കാനാകുന്നില്ല

കൊല്ലം: ലോക്ക് ഡൗൺ ഇളവിന് പിന്നാലെ വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിലും നിന്നും കൂടുതൽ മലയാളികൾ എത്തിത്തുടങ്ങിയതോടെ ഇവരുടെ ഗൃഹനിരീക്ഷണം ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന് കഴിയുന്നില്ല.

രോഗവ്യാപനം കൂടുതലുള്ള റെഡ് സോണുകളിൽ നിന്ന് വരുന്നവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്കും റെഡ് സോണുകൾക്ക് പുറത്തുനിന്ന് വരുന്നവരെ ഗൃഹ നിരീക്ഷണത്തിലേക്കും മാറ്റുകയാണ് ആരോഗ്യവകുപ്പ്. എന്നാൽ ഗൃഹനിരീക്ഷണത്തിൽ കഴിയുന്ന എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയുന്നുവെന്ന് ഉറപ്പാക്കാനാവാത്തതാണ് ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തി സംസ്ഥാന അതിർത്തികളിൽ കർശന ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് എല്ലാവരെയും കേരളത്തിലേക്ക് കയറ്റുന്നത്.

പ്രദേശത്തെ മെഡിക്കൽ ഓഫീസർ, തദ്ദേശ സ്ഥാപന സെക്രട്ടറി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഗൃഹ നിരീക്ഷണത്തിൽ കഴിയേണ്ടവരുടെ പട്ടിക കൃത്യമായി ദിവസവും എത്തുന്നുണ്ട്. ഇവർ വീടുകളിൽ ഉണ്ടോയെന്ന് മൂന്ന് കൂട്ടരും ഇടയ്ക്കിടെ അന്വേഷിക്കുന്നുമുണ്ട്. എന്നാൽ നിരീക്ഷണത്തിന് സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ മിക്കവരും പാലിക്കുന്നില്ലെന്നാണ് വിമർശനം. വീടിന് പുറത്തിറങ്ങി വ്യായാമം, പ്രഭാത സവാരി, നാട്ടിടവഴികളിലെ സഞ്ചാരം, ബൈക്ക് യാത്ര തുടങ്ങി നിരീക്ഷണത്തിൽ കഴിയേണ്ടവർ ചെയ്ത് കൂടാത്തതൊക്കെ ചിലർ ചെയ്തുകൂട്ടുകയാണ്.

1.

വീടിനുള്ളിലെ മുറിയിൽ തന്നെ കഴിയണം

ഗൃഹ നിരീക്ഷണമെന്നാൽ വീട്ടിലെ ടോയ്‌ലെറ്റ് സൗകര്യമുള്ള മുറിയിൽ തന്നെ കഴിയണം എന്നാണ്. സർക്കാർ നിർദേശിക്കുന്ന അത്രയും ദിവസം മുറിവിട്ട് പുറത്തിറങ്ങരുത്. പക്ഷേ ഈ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. മറുനാട്ടിൽ നിന്നെത്തിയവരെ കാണാൻ ബന്ധുക്കൾ വരെ വന്ന വീടുകളുണ്ട്. നിർദേശങ്ങൾ നിരന്തരം അട്ടിമറിക്കപ്പെട്ടാൽ കൊവിഡ് പ്രതിരോധം പാളിപ്പോയേക്കാം.

2.

സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കും

ഗൃഹനിരീക്ഷണം അവഗണിച്ച് പുറത്തിറങ്ങിയാൽ പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ കേസിൽപ്പെടുമെന്ന് മാത്രമല്ല സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ കഴിയേണ്ടിയും വരും. ഇതിനായി ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവർ അവിടെ തന്നെയുണ്ടെന്ന് ഉറപ്പ് വരുത്താൻ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും ഉദ്യോഗസ്ഥർക്ക് ചുമതല വിഭജിച്ച് നൽകിയിട്ടുണ്ട്.