സോഷ്യൽ മീഡിയ ആശയങ്ങൾ അവതരിപ്പിക്കാനും നിലപാടുകൾ പരസ്യമായി പറയാനുള്ള വേദിയാണ്. സാധാരണക്കാരനും സെലബ്രിറ്റികളും ഒരുപോലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. എന്നാൽ സെലിബ്രിറ്റികൾ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വൻ പ്രതികരണങ്ങളാണ് ലഭിക്കുക. പോസറ്റീവായിട്ടുള്ള കമന്റുകളേക്കാളേറെ അശ്ലീല ചുവയുള്ള കമന്റുകളിടുന്നവരുടെ എണ്ണം കൂടിവരികയാണ്. നടിമാർക്കാണ് സൈബർ ലോകത്തുനിന്ന് ഇത്തരത്തിലുള്ള അക്രമണം കൂടുതലും ഉണ്ടാകുന്നത്.
ഇപ്പോഴിതാ തങ്ങൾക്ക് സോഷ്യൽമീഡിയയിലുള്ള ചിലരിൽ നിന്നും ലഭിക്കുന്ന സുഖകരമല്ലാത്ത ചില അനുഭവങ്ങൾ തുറന്ന് പറയുകയാണ് നടിമാരായ സ്രിന്ദ, മീര നന്ദൻ, അനുമോൾ എന്നിവർ.താന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് സ്ഥിരമായി മോശം കമന്റുകളിടുന്നവർക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സ്രിന്ദ,. എന്ത് ധരിക്കണമെന്നത് തന്റെ തീരുമാനമാണെന്നും എന്നാല്‍ ഇത്തരം അശ്ലീല കമന്റുകള്‍ അനുവദിച്ച് തരുന്നതല്ലെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സാധാരണയായി ഇത്തരം കമന്റുകളോടും മെസേജുകളോടും പ്രതികരിക്കുന്ന ആളല്ല താന്‍. അതിനുള്ള സമയവുമില്ല. ഫോണില്‍ കുത്തിയിരുന്ന് ഇത്തരം മെസേജുകള്‍ അയക്കുന്നവരുടെ ഉദ്ദേശം തന്നെ ആരുടെയെങ്കിലും ശ്രദ്ധ ക്ഷണിക്കലാണ്. പലപ്പോഴും ഇത്തരക്കാരെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ ഒരു കുട്ടിയുടെ മുഖമുള്ള പ്രൊഫൈലില്‍ നിന്നാണ് നിരന്തരം മെസേജ് അയക്കുന്നത്. ഇത് സഹിക്കാന്‍ പറ്റില്ല.
ഇത് അവസാനിപ്പിച്ചേ മതിയാകൂ. എന്റെ പേജിലേക്ക് വരുന്ന ഒരു തരത്തിലുള്ള വിദ്വേഷവും അശ്ലീല സന്ദേശങ്ങളും ഞാൻ സഹിക്കില്ല. നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തെ ബഹുമാനിക്കുക. കഴിക്കുന്ന ഭക്ഷണത്തെ, ജോലിയെ, നിങ്ങളെ തന്നെ ബഹുമാനിക്കുക, നല്ലത് സ്രിന്ദ കുറിച്ചു. ഒപ്പം തന്നെ ശല്യപ്പെടുത്തുന്ന പ്രൊഫൈല്‍ ഐഡികളും സ്രിൻഡ പങ്കുവച്ചിട്ടുണ്ട്..
തന്റെ പേരില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി ആളുകളെ പറ്റിക്കുന്നയാള്‍ക്കെതിരെയാണ് നടി മീരാനന്ദന്‍ പ്രതികരിച്ചത്. വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി സ്വന്തമായിതന്നെ മെസേജ് അയച്ച്, മീര നന്ദന്‍ മെസേജ് അയച്ചുവെന്ന് മറ്റുള്ളവരോട് പറഞ്ഞു നടക്കുകയാണെന്നും മീര ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
മീര പറഞ്ഞത്
.കഴിഞ്ഞ ദിവസം എന്റെ സുഹൃത്ത് വിളിച്ചു. വിപിന്‍ എന്ന ആളെ അറിയുമോ എന്നു ചോദിച്ചു, ഫോട്ടോഗ്രാഫറാണെന്നാണ് അറിഞ്ഞത്. മീരയൊക്കെ മെസേജ് അയക്കാറുണ്ട്, ഫോട്ടോ എടുക്കുമോ എന്ന് ചോദിക്കാറുണ്ടെന്നുമൊക്കെ ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞു നടക്കുന്നതായി സുഹൃത്ത് പറഞ്ഞു. മീര ഇയാളെ അറിയുമോ എന്ന് എന്നോടു ചോദിച്ചു, വിപിന്‍ എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫറെ എനിക്ക് അറിയില്ല. മീരയൊക്കെ എന്റെ പുറകെ നടക്കുകയാണ് എന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയെന്നാണ് മറ്റുള്ളവരോട് പറയുന്നത്.
പലയാളുകള്‍ക്കും മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് അയയ്ക്കാറുണ്ട് ഇയാള്‍, പക്ഷേ ഈ സ്‌ക്രീന്‍ഷോട്ടില്‍ കാണുന്ന മീരാനന്ദന്‍ എന്ന് പറയുന്ന പേജില്‍ ബ്ലൂ ടിക്ക് ഇല്ല. അതുകൊണ്ട് തന്നെ ഇത് വ്യാജ പ്രൊഫൈല്‍ ആണെന്നത് വ്യക്തമാണ്. ഞാന്‍ ഫെയ്‌സ്ബുക്കില്‍ തീരെ ആക്ടീവ് അല്ല. മെസഞ്ചറോ കാര്യങ്ങളോ നോക്കാറുമില്ല.' - താരം വിഡിയോയില്‍ പറയുന്നു.
പാലക്കാട് സ്വദേശിയാണ് ഇത്തരം വ്യാജ പ്രചാരണം നടത്തുന്നത് എന്നാണ് താരം പറയുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഫെയ്ക് പ്രൊഫൈല്‍ ഒക്കെ ഉണ്ടാക്കാന്‍ വിരുതനാണെന്നും തന്റെ പേരിലും ഫെയ്ക്ക് ഐ ഡി ഉണ്ടാക്കിയിട്ടുണ്ടെന്നും താരം പറയുന്നു.
മറ്റുള്ളവരെ പറ്റിച്ച് ഇയാള്‍ക്ക് എന്താണ് നേടാന്‍ ഉള്ളതെന്ന് അറിയില്ല. ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം മാത്രമാണ് ഫോട്ടോഷൂട്ട് നടത്താറുള്ളത്. അത് പറഞ്ഞ് ആരുടെയും പുറകെ നടക്കാറുമില്ലെന്നും താരം വ്യക്തമാക്കി. താനയച്ചതാണെന്നും പറഞ്ഞ് തന്റെ സുഹൃത്തുക്കള്‍ക്ക് ലഭിച്ച സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടുകളും മീര പങ്കുവച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ തനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചവര്‍ക്കെതിരെയാണ് നടി അനുമോള്‍ രംഗത്തെത്തിയത്. ബ്ലോക്ക് ചെയ്ത് മടുത്തെന്നും ഇത് അവസാനിപ്പിക്കണമെന്നും അനുമോള്‍ പറയുന്നു. തുടര്‍ന്നു ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ സെെബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും താരം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അനുവിന്റെ പ്രതികരണം. ഒരാള്‍ പല അക്കൗണ്ടുകളില്‍ നിന്നുമായി തന്റെ സ്വകാര്യ അവയവത്തിന്റെ വീഡിയോ തനിക്ക് അയക്കുകയാണ്. ഇത്തരം ചിത്രങ്ങള്‍ അയക്കുമ്പോൾ അറപ്പല്ലാതെ മറ്റു വികാരങ്ങള്‍ ഒന്നും തന്നെ തോന്നില്ലെന്നും നടി പറയുന്നു.