ഓച്ചിറ: ചിരിക്കുന്ന മുഖവുമായി മാത്രമേ ടാക്സി ഡ്രൈവറായ സിജുമോനെ സൗദിയിലുള്ളവർ കണ്ടിട്ടുള്ളൂ. എന്നാൽ ചിരിമായുന്ന മുഖവുമായി ജീവിതം തിരിച്ചുപിടിക്കാൻ സിജുമോൻ ഇന്ന് നാടണയുകയാണ്. പ്രവാസ ജീവിതം നൽകിയ പ്രമേഹമാണ് കൊല്ലം പന്മന സ്വദേശിയായ സിജുമോനെ (40) ദുരിതത്തിലാഴ്ത്തിയത്.
പതിന്നാല് വർഷമായി സൗദി അറേബ്യയിലെ ജിദ്ദ ഷെറഫിയക്കടുത്തുള്ള മീനയിൽ ടാക്സി ഡ്രൈവറായിരുന്നു സിജുമോൻ. ജോലിക്കിടയിൽ കൃത്യസമയത്ത് ആഹാരം കഴിക്കാനാവാത്തതും അസമയത്തെ ഫാസ്റ്റ് ഫുഡും സിജുമോനെ പ്രമേഹ രോഗിയാക്കി. ഡ്രൈവിംഗിനിടയിൽ കൃത്യമായി മരുന്നു കഴിക്കാനാവാത്തത് രോഗത്തെ ഗുരുതരമാക്കി.
ഇതിനിടയിൽ വലതു കാൽവിരലിലുണ്ടായ മുറിവ് പഴുത്തതോടെ ജോലിക്ക് പോകാൻ കഴിയാതായി. തുടർന്ന് തള്ളവിരൽ മുറിച്ചുമാറ്റേണ്ടിവന്നു. മുറിവിൽ അണുബാധയുണ്ടായതോടെ കാൽ മുട്ടിനുതാഴെ മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെയാണ് നാട്ടിലേക്ക് മടങ്ങാൻ സിജുമോൻ തീരുമാനിച്ചത്. എന്നാൽ കൊവിഡ് പ്രതിസന്ധിയിൽ കാര്യങ്ങൾ വീണ്ടും കുഴങ്ങി. പരസഹായമില്ലാതെ പ്രാഥമിക കർമ്മങ്ങൾ പോലും നിർവഹിക്കാൻ കഴിയാതായി.
ജിദ്ദയിൽ നിന്ന് ഇന്ന് കൊച്ചിയിലെത്തുന്ന ആദ്യ വിമാനത്തിലേക്ക് ടിക്കറ്റിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. നാട്ടിൽ ഭാര്യ ഷിജിയും പന്ത്രണ്ടും രണ്ടരയും വയസുള്ള കുട്ടികളുമാണുള്ളത്. ബന്ധുക്കൾ വഴി വിവരമറിഞ്ഞ യൂത്ത് കോൺഗ്രസ് ക്ലാപ്പന മണ്ഡലം പ്രസിഡന്റ് സുബിൻഷായും ആലപ്പാട് അഴീക്കൽ മൂന്നാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ ആർ.ബേബിയും സൗദിയിലെ സാമൂഹിക പ്രവർത്തകനും ജിസാനിലെ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ദിലീപ് കളരിക്കമണ്ണേലിനെ വിവരം ധരിപ്പിച്ചു.
ദിലീപിന്റെയും സുഹൃത്ത് ഷിജു ജോണിന്റെയും അവസരോചിതമായ ഇടപെടലിലൂടെ ക്ഷണനേരം കൊണ്ട് ഫലമുണ്ടായി. ജിദ്ദയിൽ നിന്നുള്ള ആദ്യവിമാനത്തിൽ തന്നെ സിജുമോന് ടിക്കറ്റ് ലഭിച്ചു. ഒ.എെ.സി.സിയാണ് ടിക്കറ്റ് ചെലവ് വഹിച്ചത്. നാഷണൽ കമ്മിറ്റിയംഗങ്ങളായ ഫിറോസ് ചെറുകോട്, ശങ്കർ ഇളങ്കൂർ എന്നിവർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സിജുമോന് ടിക്കറ്റ് കൈമാറി. സിജുമോനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ കൊച്ചി എയർപോർട്ടിൽ എത്തിയിട്ടുണ്ട്. എന്നാൽ കൊവിഡ് സുരക്ഷയുള്ളതിനാൽ സർക്കാർ തന്നെ ആശുപത്രിയിലേക്ക് മാറ്റാനാണ് സാദ്ധ്യത.