ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ പോളച്ചിറ പുഞ്ചപ്പാടത്ത് കൊയ്ത്ത് ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തതിനാൽ വെള്ളം കുറഞ്ഞ ഭാഗങ്ങളിലാണ് കൊയ്ത്ത് തുടങ്ങിയത്. ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ ജില്ലാ പഞ്ചായത്തിൽ നിന്നെത്തിച്ച കൊയ്ത്ത് മെതിയന്ത്രം ഓടിച്ച് കൊയ്ത്ത് ഉദ്ഘാടനം നിർവഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗം ജി. പ്രേമചന്ദ്രനാശാൻ, കൃഷി ഓഫീസർ ഷെറിൻ എ. സലാം, പഞ്ചായത്ത് സെക്രട്ടറി കെ.പി. അനിലകുമാരി, ഏലാ പാടശേഖരസമിതി സെക്രട്ടറി കെ. മനോഹരൻ, കമ്മിറ്റി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
1500 ഏക്കർ നെൽവയൽ
ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ് മിനി കുട്ടനാട് എന്നറിയപ്പെടുന്ന പോളച്ചിറ ഏല. പോളച്ചിറ എലായിൽ ഒരു മീൻ ഒരു നെൽക്കൃഷി എന്ന പദ്ധതി നടപ്പിലാക്കികൊണ്ട് 1500 ഏക്കർ നെൽവയൽ പൂർണമായും തരിശുരഹിതമായിക്കഴിഞ്ഞു. നെൽക്കൃഷി ഇറക്കിയിട്ടുള്ള 225 ഏക്കറിൽ ബഹുഭൂരിപക്ഷം കർഷകരും ജ്യോതി എന്നയിനം നെല്ലാണ് കൃഷി ചെയ്തിട്ടുള്ളത്. കൂടാതെ ഉമ, ഞവര, ഉപ്പിനെ പ്രതിരോധിക്കുന്ന വൈറ്റില എന്നയിനം നെല്ലും ഇത്തവണ കൃഷി ചെയ്തിട്ടുണ്ട്. ത്രിതല പഞ്ചായത്ത് വഴി വിത്ത്, വളം, കുമ്മായം എന്നിവ സൗജന്യനിരക്കിലും കൂലിച്ചെലവ് സബ്‌സിഡിയായും കർഷകർക്ക് അനുവദിച്ചിട്ടുണ്ട്. ഉൽപ്പാദിപ്പിക്കുന്ന നെല്ല് സപ്ലൈക്കോ വഴി സംഭരിക്കുന്നതിനും കൃഷിഭവൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ പാടശേഖരസമിതിയുമായി സഹകരിച്ചുകൊണ്ട് ചിറക്കര ബ്രാൻഡ് അരി വിപണിയിലിറക്കുന്നതിനുള്ള നടപടികളും പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.