ഷാപ്പുകൾ അടഞ്ഞുതന്നെ
കൊല്ലം: അൻപത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഷാപ്പ് തുറന്നെന്ന് കരുതി നേരം വെളുത്തപ്പോഴേ കുടിയന്മാർ കുപ്പിയുമായി ഓടിയെങ്കിലും തുളുമ്പിയത് നിരാശമാത്രം!. നാടൻ ചെത്ത് കള്ളോ, പാലക്കാടൻ കള്ളോ തുള്ളി പോലും ജില്ലയിൽ കിട്ടാനില്ലായിരുന്നു. അതിനാൽ തന്നെ കള്ള് ഷാപ്പുകളുടെ താഴും അനങ്ങിയില്ല.
രാവിലെ മുതൽ പലേടത്തും ഷാപ്പുകൾക്ക് മുന്നിൽ കുടിയന്മാർ കാത്തുനിന്നു. സമയമേറെയായിട്ടും തുറക്കാതായതോടെ പലരും സ്ഥലം കാലിയാക്കി. ചില ഷാപ്പുകൾക്ക് മുന്നിൽ കുടിയന്മാർ തടിച്ചു കൂടിയെങ്കിലും എക്സൈസ് സംഘത്തെ കണ്ടതോടെ ഇവരും വീടുകളിലേക്ക് മടങ്ങി. ചിലയിടത്ത് വൈകുന്നേവും കള്ള് കിട്ടുമോയെന്ന് അന്വേഷിച്ച് കുടിയന്മാരെത്തി.
ജില്ലയിൽ പലയിടത്തും സംഘടനകളുമായുള്ള പ്രശ്നങ്ങൾ കാരണം തെങ്ങ് ചെത്താൻ തൊഴിലാളികൾ തയ്യാറായിട്ടില്ല. തൊഴിലാളികൾ ഇറങ്ങിയെങ്കിൽ മാത്രമേ പ്രാദേശികമായി കള്ള് ലഭിക്കൂ. അല്ലെങ്കിൽ പാലക്കാടൻ കള്ളെത്തണം. ഇന്നലെ 18 ഷാപ്പ് ലൈസൻസികൾ പാലക്കാടുനിന്ന് കള്ള് വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് അപേക്ഷ നൽകി. ഈ അപേക്ഷകളിൽ നടപടി ക്രമങ്ങൾ പാലിച്ച് കള്ള് അനുവദിക്കാൻ രണ്ടോ മുന്നോ ദിവസമെടുക്കും. ഇതിനുശേഷം കള്ളെത്തിയാൽ മാത്രമേ ഷാപ്പുകൾ തുറക്കാൻ കഴിയൂ.
പരിശോധന കടക്കാതെ
പാലക്കാടനെത്തില്ല
പാലക്കാടൻ കള്ള് വാഹനങ്ങളിൽ എത്തിക്കുമ്പോൾ മായം കലർന്നിട്ടുണ്ടോയെന്ന് അതിർത്തിയിൽ പരിശോധന നടത്തും. ഇതിനുശേഷം അതാത് റേഞ്ചിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാർ പരിശോധിക്കും. കള്ളിൽ സ്പിരിറ്റ് കലർന്നിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഷാപ്പുകളിക്ക് നൽകൂ. നേരത്തെ പാലക്കാടൻ കള്ളിൽ സ്പിരിറ്റ് ചേർക്കുന്നതായി സംശയം ഉയർന്നിരുന്നു. ചില എക്സൈസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് ആക്ഷേപം. എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് നൂറനാട് റേഞ്ചിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
കൊവിഡ് കാലത്തെ കണക്ക്
വാറ്റ് കേസ്: 250 ലേറെ
പിടിച്ചെടുത്ത കോട: 12,000 ലിറ്റർ
ചാരായം: 200 ലിറ്റർ
അറസ്റ്റ്: 50
''
കൊവിഡ് കാലത്ത് വാറ്റ് കേസുകൾ കൂടിയിട്ടുണ്ട്. എക്സൈസ് ശക്തമായ പരിശോധന തുടരുകയാണ്. വാറ്റ് കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ജേക്കബ് ജോൺ
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ, കൊല്ലം