മൂന്ന് മാസത്തിനകം നിർമ്മാണം തുടങ്ങും
അഞ്ചാലുംമൂട് : മൺറോത്തുരുത്തുകാരുടെ ദീർഘകാല സ്വപ്നമായ പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണത്തിന്റെ ടെൻഡറിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. ഏറ്റവും കുറഞ്ഞ ടെൻഡർ തുക എസ്റ്റിമേറ്റ് തുകയെക്കാൾ 12.5 ശതമാനം ഉയർന്നതായതിനാലാണ് മന്ത്രിസഭയുടെ അംഗീകാരം വേണ്ടി വന്നത്. എറണാകുളം ആസ്ഥാനമായുള്ള കെ.വി. ജോസഫ് ആൻഡ് കമ്പനി സമർപ്പിച്ച 41.22 കോടി രൂപയുടെ ടെൻഡറാണ് മന്ത്രിസഭ അംഗീകരിച്ചത്. 36.47 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. പാലം നിർമ്മാണത്തിന്റെ ടെൻഡർ കാലാവധി പലതവണ നീട്ടിയിട്ടും ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്. പിന്നീട് നടന്ന റീ ടെൻഡറിലാണ് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കെ.വി. ജോസഫ് ആൻഡ് കമ്പനി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ടെൻഡർ തുക ഏസ്റ്റിമേറ്റിനെക്കാൾ വളരെ ഉയർന്നതായിരുന്നു. പത്ത് ശതമാനം വരെ ഉയർന്നതാണെങ്കിൽ ടെൻഡർ കമ്മിറ്റിക്ക് അംഗീകരിക്കാമായിരുന്നു. ടെൻഡർ തുക കുറയ്ക്കണമെന്നാവശ്യപ്പെട്ട് എം. മുകേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കരാറുകാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും പദ്ധതിയുടെ രൂപരേഖയുടെ വൈവിദ്ധ്യം കാരണം ഇത്രയും തുക ലഭിച്ചാൽ മാത്രമേ നിർമ്മാണം നടത്താൻ കഴിയുകയുള്ളൂവെന്ന് കരാറുകാർ അറിയിച്ചിരുന്നു. തുടർന്നാണ് ഭരണാനുമതി ലഭിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്. പാലം നിർമ്മാണത്തിന് മുന്നോടിയായി മൺറോത്തുരുത്ത്, പനയം പഞ്ചായത്തുകളിൽ നിന്ന് ഏറ്റെടുത്ത സ്ഥലങ്ങൾക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണം നടന്നുവരുകയാണ്.
എസ്റ്റിമേറ്റ് തുക: 36.47
സർക്കാർ അംഗീകരിച്ച ടെൻഡർ തുക: 41.22
രണ്ട് ദിവസത്തിനുള്ളിൽ മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവിറങ്ങും. ഏറെ വൈകാതെ നിർമ്മാണ ഏജൻസി കരാർ കമ്പനിയുമായി ധാരണാപത്രം ഒപ്പിടും. മൂന്ന് മാസത്തിനകം നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ."
എം. മുകേഷ് എം.എൽ.എ
ചുവപ്പ് നാടയിൽ കുരുങ്ങിയ പത്ത് വർഷം പെരുമൺ -പേഴുംതുരുത്ത് പാലം എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ അവസാന കാലത്താണ് നടപടികൾ ആരംഭിച്ചത്. തുടർന്ന് വന്ന യു. ഡി.എഫ് സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പദ്ധതി ഉപേക്ഷിച്ചു. വീണ്ടും ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോൾ എം. മുകേഷ് എം.എൽ.എ പദ്ധതി പുനരുജ്ജീവിപ്പിക്കുകയായിരുന്നു. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നിരവധി കടമ്പകൾ കടന്നപ്പോഴാണ് അധികരിച്ച തുക ടെൻഡർ നൽകിയതിലൂടെ വീണ്ടും പ്രതിസന്ധി രൂപപ്പെട്ടത്. ടെൻഡർ ഉറപ്പിച്ച് അഞ്ചു മാസങ്ങൾക്കുള്ളിൽ ഭരണാനുമതി കൂടി ലഭിച്ചതിനാൽ ശുഭ പ്രതീക്ഷയിലാണ് മൺറോത്തുരുത്ത് - പനയം പഞ്ചായത്ത് നിവാസികൾ.