photo
കൊട്ടാരക്കര ദാമു ആന്റ് സൺസ് കമ്പനി ഗോഡൗണിൽ തീ പിടിത്തമുണ്ടായപ്പോൾ

കൊട്ടാരക്കര: ഹാർഡ്‌വെയർ കമ്പനിയുടെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. കൊട്ടാരക്കര ശ്രീസത്യസായി ആശുപത്രിക്ക് പിന്നിൽ പ്രവർത്തിക്കുന്ന ദാമു ആൻഡ് സൺസ് എന്ന കമ്പനിയുടെ ഗോഡൗണിൽ ഇന്നലെ വൈകിട്ട് 4 ഓടെയാണ് തീ പടർന്നത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പെയിന്റ്, ഹാർഡ് വെയർ ഐറ്റംസ്, ടൈൽസ് എന്നിവയാണ് കത്തിനശിച്ചത്.

ഗോഡൗണിൽ നിന്ന് തീ ഉയരുന്നത് കണ്ട ജീവനക്കാർ ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര, കുണ്ടറ, പത്തനാപുരം ഫയർ സ്റ്റേഷനുകളിൽ നിന്നായി അഞ്ച് യൂണിറ്റുകളെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം വൈകിട്ട് ആറരയോടെയാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെയിന്റ്, വാർണീഷ് എന്നിവയിലേക്ക് തീ പടർന്നതോടെയാണ് ആളിക്കത്തിയത്. ലോക്ക് ഡൗൺ സമയമായതിനാൽ ഭാഗികമായി മാത്രമേ കമ്പനി പ്രവർത്തിച്ചിരുന്നുള്ളൂ. ജീവനക്കാരാരും ഗോഡൗണിനകത്തില്ലാതിരുന്നതിനാൽ അത്യാഹിതം ഒഴിവായി.

കൊട്ടാരക്കര ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ടി.ശിവകുമാറിന്റെ നേതൃത്വത്തിൽ സേനാഗംങ്ങളായ ഷാജിമോൻ, ആർ. സജീവ്, ദിലീപ് കുമാർ , മനോജ്, ബിനു, പ്രമോദ്, ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് തീയണയ്ക്കാൻ നേതൃത്വം നൽകിയത്. ചലച്ചിത്ര സംവിധായകൻ രഞ്ജിലാൽ ദാമോദറിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. വിവിധ ജില്ലകളിലേക്ക് ഹാർഡ് വെയർ, ടൈൽസ്, പെയിന്റ് ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്നതാണ് കമ്പനി.

തീപിടിത്തം രണ്ടാം നിലയിൽ

മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണിന്റെ രണ്ടാം നിലയിലാണ് തീപിടിത്തം. ഓഫീസ് ഒഴികെ ബാക്കിയുള്ളിടത്തെല്ലാം തീ പടർന്നു. എല്ലാ ഉത്പന്നങ്ങളും പൂർണമായും കത്തി നശിച്ചു. മറ്റ് രണ്ട് നിലകളിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി. ലോക്ക് ഡൗണിൽ അടഞ്ഞുകിടന്ന ഗോഡൗൺ കഴിഞ്ഞ ദിവസം തുറന്ന് അറ്റകുറ്റപ്പണികളും വെൽഡിംഗ് ജോലികളും നടത്തിയിരുന്നു. ഈ സമയം വൈദ്യുതി ബന്ധത്തിന് തകരാർ സംഭവിച്ചിരുന്നു. പിന്നീട് അടച്ച ശേഷം ഇന്നലെയാണ് വീണ്ടും തുറന്നത്. മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. കൃത്യമായ കണക്കെടുപ്പ് നടക്കുകയാണ്.