കൊല്ലം: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ കോൺക്രീറ്റ് ജനൽ മറിഞ്ഞുവീണ് പിഞ്ചുബാലൻ മരിച്ചു. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ഷാ മൻസിലിൽ മുഹമ്മദ് ഷാൻ - ജസ്ന ദമ്പതികളുടെ മകൻ അയാൻ ഷായാണ് (നാലര) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
മുഹമ്മദ് ഷാന് വീട്ടിൽ കോൺക്രീറ്റ് കട്ടളയും ജനലും നിർമ്മിച്ച് വിൽക്കുന്ന തൊഴിലാണ്. രണ്ടുനില വീടിന്റെ ആദ്യനില റോഡ് നിരപ്പിന് താഴെയാണ്. ഇവിടെയാണ് അടുക്കളയും നിർമ്മാണ യൂണിറ്റുമുള്ളത്. അയാൻഷാ ഈ ഭാഗത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. ഈ സമയം അമ്മ മുകളിലത്തെ നിലയിൽ കുട്ടികൾക്ക് ട്യൂഷനെടുക്കുകയായിരുന്നു.
അയാൻഷായെ ഏറെനേരമായിട്ടും കാണാതിരുന്നതോടെ അമ്മ താഴെവന്ന് നോക്കുമ്പോഴാണ് കോൺക്രീറ്റ് ജനൽ ദേഹത്തേക്ക് മറിഞ്ഞ് അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. അതുവഴി കടന്നുപോയ ബി.എസ്.എൻ.എല്ലിന്റെ വാഹനത്തിൽ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സഹോദരൻ അബിൻഷാ. കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.