കൊല്ലം: ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിൽ വെബിനാറിന് വ്യാഴാഴ്ച തുടക്കമാവും. ലോക്ക് ഡൗൺ കാലത്ത് നിലച്ചുപോയ ഗവേഷണ സംരഭങ്ങളും പഠനവും ഓൺലൈനിലൂടെ ഏറ്റവും ശാസ്ത്രീയമായും അനായാസമായും നടത്തുന്ന പഠന-സംവാദ ചോദ്യോത്തര പരിപാടിയാണ് വെബിനാർ. 500 പേർക്ക് ഒരേ സമയം വെബിനാറിൽ പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ ഡോ.കെ.എസ്. അനിൽകുമാർ അറിയിച്ചു.
ഓരോ മേഖലയിലും പ്രശസ്തമായവർ പ്രബന്ധാവതരണം നടത്തും. ചോദ്യവും ഉത്തരവും അടങ്ങുന്ന സെഷനും ചർച്ചാ സെഷനും ഉണ്ടാവും. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും എം.പിമാരുടെയും ദേവസ്വം ബോർഡ് അധികൃതരുടെയും സന്ദശങ്ങളും വെബിനാറിനൊപ്പം ഉണ്ടാവും.
14ന് മാക്രോ മോളിക്യുളിനെപ്പറ്റി എം.ജി യുണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. സാബുതോമസ് പ്രബന്ധാവതരണം നടത്തും. 15ന് കൊച്ചിൻ യുണിവേഴ്‌സിറ്റിയിലെ ഡോ.മധു എസ്. നായർ, 16ന് കേരള യൂണിവേഴ്‌സ്റ്റിയിലെ ഡോ.എ. ബിജുകുമാർ, 17ന് ഡോ. കെ. സതീഷ്കുമാർ, 18ന് ഡോ. എലിസബത്ത് ഷെർലി, 19ന് ഡോ.കെ. ജയപ്രസാദ്, 20ന് ഡോ.സുജു സി.ജോസഫ് എന്നിവരും പ്രബന്ധാവതരണം നടത്തും.