pic

കൊല്ലം: ഉപയോഗശൂന്യമായിക്കിടന്ന നാലേക്കർ തരിശു ഭൂമിയിൽ കെ.എം.എം.എൽ കമ്പനി സംയോജിത കൃഷി ആരംഭിച്ചു. ആദ്യഘട്ടം എന്ന നിലയിൽ രണ്ടര ഏക്കറിൽ നെൽക്കൃഷി ചെയ്യാനായി കുലശേഖരപുരം പഞ്ചായത്തിലെ കർഷക സമതി കർമ്മ സേനാ പ്രവർത്തകർ പരമ്പാരഗത രീതിയിൽ വിത്ത് വിതച്ചു. ഓണാട്ടുകര പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് തൊണ്ണൂറ് ദിവസം കൊണ്ട് വിളയുന്ന ഓണം നെല്ലിന്റെ വിത്താണ് വിതച്ചത്. നെല്ലിനൊപ്പം പച്ചക്കറിയും വിളയിച്ചെടുക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് സംയോജിത കൃഷി. ഇതോടൊപ്പം അഗ്രോ എക്കോളജിക്കൽ രീതിയിലാണ് കമ്പനി ഗസ്റ്റ് ഹൗസിന് സമീപത്തെ വയലിൽ കൃഷി നടത്തുന്നത്.

പൂർണമായും രാസവളം ഒഴിവാക്കി കീടങ്ങളെ നിയന്ത്രിക്കുന്നതിനായി വയലിന് ചുറ്റും ജമന്തിച്ചെടികൾ വെച്ച് പിടിപ്പിക്കും. കുലശേഖരപുരം കൃഷിയോഫീസർ വി.ആർ. ബിനേഷിന്റെ നിയന്ത്രണത്തിലാണ് വിത്തിടീൽ നടന്നത്. പരിപാടിയുടെ ഉദ്ഘാടനം കമ്പനി മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്ര ബോസ് നിർവഹിച്ചു. ഉദ്യോഗസ്ഥരായ ജി. സുരേഷ് ബാബു, സി.എസ്. ജ്യോതി, എൻ.കെ. അനിൽ കുമാർ, എ.എം. സിയാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.