കൊല്ലം: അംശാദായം അടച്ചശേഷം കർഷക പെൻഷൻ നിഷേധിച്ച വയോധികയ്ക്ക് കുടിശിക സഹിതം ഉടൻ പെൻഷൻ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശിനി പത്മാവതിക്ക് പെൻഷൻ നൽകാനാണ് കമ്മിഷന്റെ ഉത്തരവ്. 2012 മുതൽ 2018 വരെ കർഷക പെൻഷനുള്ള അംശാദായം അടച്ചെങ്കിലും മകന് സർക്കാർ ജോലിയുണ്ടെന്ന കാരണത്താൽ പെൻഷൻ നിഷേധിച്ചതിനെതിരെ പത്മാവതി നൽകിയ പരാതിയിലാണ് ഉത്തരവ്. അംശാദായം അടച്ച ശേഷം പെൻഷൻ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു.
പരാതിക്കാരിയുടെ മകന് സർക്കാർ ജോലിയുണ്ടെന്ന കൃഷിഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൊടിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അപേക്ഷ നിരസിച്ചതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. പത്മാവതിയുടെ മകന്റെ റേഷൻ കാർഡിൽ മൂത്തമകന് സർക്കാർ ജോലിയുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മകൻ വിവാഹിതനാണ്. പരാതിക്കാരിയുടെ മറ്റൊരു മകൻ വിദ്യാർത്ഥിയാണെന്ന കാര്യം കൃഷി ഓഫീസർ രേഖപ്പെടുത്തിയില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.