photo
പരബ്രഹ്മ ക്ഷേത്ര അന്തേവാസികൾക്ക് ഭരണസമിതി സെക്രട്ടറി കളരിക്കൽ ജയപ്രകാശും ,ഓച്ചിറ എസ്.എച്ച്.ഒ പ്രകാശും ചേർന്ന് ആഹാരം വിളമ്പി നൽകുന്നു.

കൊല്ലം: ലോക്ക് ഡൗൺ പ്രതിസന്ധിയിലും ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അന്തേവാസികളുടെ ജീവിതം സാധാരണഗതിയിൽ മുന്നോട്ട് പോകുന്നു. പ്രതിദിനം ആയിരങ്ങളെത്തിയിരുന്ന പടനിലം ലോക്ക് ഡൗണിനെ തുടർന്ന് വിജനമാണ്. കച്ചവട സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണെങ്കിലും ക്ഷേത്ര ഉടമസ്ഥതയിലുള്ള രണ്ട് അഗതിമന്ദിരങ്ങളിലായി കഴിയുന്ന നൂറ്റി അൻപത് അന്തേവാസികൾക്കും മൂന്ന് നേരത്തെ ആഹാരം മുടങ്ങാതെ നൽകി വരുന്നുണ്ട്. കൂടാതെ ടി.വി കാണാനും പത്രങ്ങൾ വായിക്കാനുമുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.

വിവിധ മേഖലകളിൽ നിന്ന് ഒറ്റപ്പെട്ട് ഇവിടെയെത്തുന്നവരെയാണ് ക്ഷേത്ര ഭരണ സമിതി ഏറ്റെടുത്ത് അഗതിമന്ദിരത്തിൽ സംരക്ഷിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണെങ്കിലും അന്തേവാസികൾക്ക് ആഹാരം നൽകാൻ സന്നദ്ധത അറിയിച്ച് നിരവധി പേർ എത്തുന്നുണ്ട്. പുറത്ത് പാകം ചെയ്ത ആഹാരം അഗതിമന്ദിരത്തിൽ വിതരണം ചെയ്യുന്നതിനും പുറത്തു നിന്നെത്തുന്നവർക്ക് സന്ദർശനം നടത്തുന്നതിനും ഭരണ സമിതി അനുവാദം നൽകിയിട്ടില്ല. ആഹാരം, വസ്ത്രം എന്നിവയ്ക്ക് പുറമേ മാസത്തിൽ രണ്ട് തവണ സൗജന്യ വൈദ്യസഹായവും സൗജന്യ മാസ്കുകളും അന്തേവാസികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ദിവസവും രണ്ടുനേരം അഗതിമന്ദിരത്തിൽ ശുചീകരണവും നടത്തുന്നുണ്ടെന്ന് സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള, ട്രഷറർ വിമൽഡാനി എന്നിവർ അറിയിച്ചു.