photo
കാറ്റടിച്ചാൽ കറന്റ് പോകുന്ന ട്രാൻഫോർമറിനെ നാട്ടുകാർ കരിംകൊടി പുതപ്പിച്ച് പ്രതിഷേധിക്കുന്നു

കൊല്ലം: കാറ്റടിച്ചാൽ കറന്റ് പോകുന്ന ട്രാൻസ്‌‌ഫോർമറിനെ നാട്ടുകാർ കരിങ്കൊടി പുതപ്പിച്ച് പ്രതിഷേധിച്ചു. കരുനാഗപ്പള്ളി തഴവാ മണപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന കസൂർമുക്കിലുള്ള ട്രാൻസ്‌‌ഫോർമറിലാണ് നാട്ടുകാർ കരിങ്കൊടി പുതപ്പിച്ചത്. കസൂർ പ്രദേശത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വർഷങ്ങൾക്ക് മുമ്പ് വൈദ്യുതി ഭവൻ ഇവിടെ ട്രാൻസ്‌‌ഫോർമർ സ്ഥാപിച്ചത്. നൂറുകണക്കിന് വൈദ്യുതി ഉപഭോക്താക്കൾ ഇതിന്റെ പരിധിയിൽ വരും. ട്രാൻസ്ഫോർമർ സ്ഥാപിച്ചെങ്കിലും സ്ഥിരമായി വൈദ്യുതി ലഭിക്കാറില്ല. കാറ്റ് വീശുമ്പോഴും മഴ പെയ്യുമ്പോഴും വൈദ്യുതി ബന്ധം നിലയ്ക്കുന്നത് പതിവാണ്. ഇതിനെതിരെ നാട്ടുകാർ നിരവധി തവണ പരാതി നൽകിയെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല.

കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച കാറ്റിൽ വൈദ്യുതി പൂർണ്ണമായും നിലച്ചു. ഇതിൽ പ്രതിഷേധിച്ചാണ് തഴവാ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖലീലുദ്ദീൻ പൂയപ്പള്ളിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ വൈദ്യുതി ഭവൻ ഉപരോധം ഉൾപ്പെടെയുള്ള സമരം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.