കൊല്ലം: കോളേജിലെത്തിയാൽ സനിലിന് കൂട്ടുകാർ ഒത്തിരിയുണ്ട്. പാട്ടും കവിതയുമൊക്കെയായി അങ്ങിനെ കൂട്ടുകൂടി വിലസാം. നാട്ടിലങ്ങിനെ ചങ്ങാത്തമില്ല. ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ ആദ്യം ബോറടി. പിന്നെ വലംകൈയാൽ 'പണി തുടങ്ങി'! പൂർത്തിയായത് മനോഹരമായ പേപ്പർ ശില്പങ്ങളും അലങ്കാര കൗതുകങ്ങളും! കൊട്ടാരക്കര വെണ്ടാർ ഇടക്കടമ്പ് മിനി മന്ദിരത്തിൽ സന്തോഷ്- മിനിമോൾ ദമ്പതികളുടെ ഏക മകനാണ് ശാസ്താംകോട്ട ദേവസ്വംബോർഡ് കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിയായ എസ്.സനിൽ (18). ഇടത് കൈയില്ലാതെയായിരുന്നു ജനനം. ഒറ്റക്കൈകൊണ്ട് ബാറ്റ് പിടിച്ച് ക്രിക്കറ്റ് കളിച്ചും പന്തെറിഞ്ഞുമൊക്കെ അന്നേ തിളങ്ങി.
വാടക വീട്ടിലെ താമസം മതിയാക്കി ഇടക്കടമ്പിൽ സ്വന്തം കൂരയായപ്പോൾ പഴയ ചങ്ങാതിമാരെ കാണാൻ കിട്ടാതെയായി. പുതിയ ഇടത്ത് കൂട്ടുകാരുമുണ്ടായില്ല. നന്നായി കവിതയെഴുതാറുള്ള സനിൽ ഫേസ് ബുക്കിലത് പോസ്റ്റ് ചെയ്യുമ്പോൾ വലിയ സ്വീകാര്യത കിട്ടാറുണ്ട്. ചിലതൊക്കെ ആനുകാലികങ്ങളിലും അച്ചടിച്ചുവരും. വൈകല്യത്തോട് പോരാടാൻ ഉറച്ച സനിൽ ഇടയ്ക്ക് ഭാഗവത പാരായണത്തിന് പോകും. കാർ ഡ്രൈവിംഗുമുണ്ട്. വാഹനങ്ങളുടെ ടയർ വർക്ക് ഷോപ്പ് നടത്തുന്ന അച്ഛനും തയ്യൽക്കാരിയായ അമ്മയും സനിലിന് പ്രോത്സാഹനവുമായി കൂടെയുണ്ട്.
യൂ ട്യൂബിൽ കണ്ടത്...
ലോക്ക് ഡൗണിന്റെ വീട്ടിലിരിപ്പിലാണ് യൂ ട്യൂബിൽ കണ്ട പേപ്പർ ശില്പ നിർമ്മാണങ്ങളോട് കമ്പം തോന്നിയത്. തെർമോകോളും ലോട്ടറി ടിക്കറ്റുകളും പേപ്പറും ചേർത്ത് നാല് വീടുകൾ നിർമ്മിച്ചു. കാലിക്കുപ്പികളിൽ പെയിന്റ് ചെയ്തും കോഴിമുട്ടത്തോട് ക്രമത്തിൽ ഒട്ടിച്ചുചേർത്തും അലങ്കാര കൗതുകങ്ങളാക്കി. പൂക്കളും ഇലകളും ശലഭങ്ങളുമൊക്കെ പേപ്പർ വച്ച് നിർമ്മിച്ചു. വലത് കൈമാത്രം ഉപയോഗിച്ചാണ് ഓരോന്നും വെട്ടിയെടുത്ത് ക്രമംതെറ്റാതെ ഒട്ടിച്ച് ചേർക്കുന്നത്. പഴയ ലോട്ടറി ടിക്കറ്റുകൾ ചുരുട്ടിയെടുക്കാൻ എളുപ്പമാണെന്നും കൃത്യമായ അളവായതിനാൽ അതിന് വല്യ മെനക്കേടില്ലെന്നും സനിൽ പറഞ്ഞു. കോളേജ് തുറക്കുംവരെ എങ്ങനെ സമയം പോക്കുമെന്ന ചിന്തയകന്നു. ഇപ്പോൾ സമയം തികയാറില്ലെന്നാണ് സനലിന്റെ പക്ഷം.