കൊല്ലം: കൊല്ലം കൊവിഡ് മുക്ത ജില്ലയാകാനൊരുങ്ങുന്നു, പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി രോഗമുക്തി നേടി. ഇനി രണ്ടു പേരാണ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മുംബയും സന്ദർശിച്ച് മടങ്ങിയെത്തിയ പുനലൂർ വാളക്കോട് സ്വദേശി അബ്ദുൾ ഖാദറിനാണ് ഇന്നലെ രോഗം ഭേദമായത്. അബ്ദുൾ ഖാദറിന്റെ ഭാര്യ, പ്രാക്കുളം സ്വദേശിയായ വീട്ടമ്മ എന്നിവരാണ് നിലവിൽ ചികിത്സയിലുള്ളത്.
നാല്പത് ദിനങ്ങൾ പിന്നിട്ടവരാണ് ഇരുവരും. മാറിയും തിരിഞ്ഞും പരിശോധനയിൽ നെഗറ്റീവും പോസിറ്റീവും കാണിക്കുന്നതുകൊണ്ടാണ് ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാത്തത്. 14 ദിവസമായി ജില്ലയിൽ പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡിൽ നിന്ന് മുക്തിനേടിയവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ മെഴുകുതിരികൾ തെളിച്ചാണ് വീടുകളിലേക്ക് മടങ്ങുന്നത്. പ്രവാസികളും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളും കൂടുതലായി എത്തുന്നതിന്റെ ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും യാതൊരുവിധ ആശങ്കയും വേണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. പൊലീസും ആരോഗ്യ വകുപ്പും മറ്റ് വിവിധ വകുപ്പുകളും ഇപ്പോഴും കർശന നിയന്ത്രണങ്ങളും പരിശോധനയും ബോധവത്കരണവും നടത്തുന്നുണ്ട്.