കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആഗോളതലത്തിൽ ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗം വർദ്ധിച്ചിട്ടുണ്ട്.. ഇപ്പോൾ ലോകമെമ്പാടും ആവശ്യക്കാർ ഏറെയുള്ള ഉൽപ്പന്നങ്ങളിൽ ഒന്നാണിത്.
വൈറസുകൾക്കെതിരായ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസറുകളിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്, ഇത് അണുക്കളെ ഇല്ലാതാക്കും. അതിനാൽ ഈ സാനിറ്റൈസറുകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ മുൻകരുതൽ വേണം. പലരും ഇപ്പോൾ പുറത്തോട്ടിറങ്ങുമ്പോൾ സാനിറ്ററൈസർ കയ്യിൽ കരുതും.. എന്നാൽ ചൂടുകൂടിയ അന്തരീക്ഷത്തിൽ സാനിറ്ററൈസർ സൂക്ഷിക്കുന്നത് അപകടമാണ്. പ്രത്യേകിച്ച് വാഹനങ്ങളിൽ..
യുകെയിൽ കാറിൽ സൂക്ഷിച്ചിരുന്ന ഹാൻഡ് സാനിറ്റൈസർ പൊട്ടിത്തെറിച്ച് ഒലിവിയ-ലയല എന്ന 11 വയസുകാരിക്ക് പരിക്കേറ്റു. അമ്മയോടൊപ്പം ഫാർമസിയിൽ ചില സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയതാണ് ഒലിവിയ.യുകെയിൽ ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഇവർ കാറിൽ കയറിയത്. നാലാഴ്ചയോളം വെയിലത്ത് നിർത്തിയിട്ടിരുന്ന മെർസിഡീസ് ബെൻസ് സെഡാനിന്റെ ഉള്ളിൽ ഹാൻഡ് സാനിറ്റൈസർ ജെൽ സൂക്ഷിച്ചിരുന്നു.കാറിൽ കയറി ഇരുന്നതിന് ശേഷം ഹാൻഡ് സാനിറ്റൈസർ ജെല്ല് കുട്ടി എടുത്ത് ക്യാപ്പ് തുറന്നപ്പോൾ കുപ്പി പൊട്ടിത്തെറിക്കുകയും ഉയർന്ന സമ്മർദ്ധത്തിൽ ചൂടുള്ള ജെൽ പെൺകുട്ടിയുടെ ഇടത് കണ്ണിലേക്ക് തെറിക്കുകയും ചെയ്തു.ഒരു ഫസ്റ്റ് എയിഡ് ഇൻസ്ട്രക്ടറായ അവളുടെ അമ്മ കുട്ടിയെ കാറിൽ നിന്ന് പുറത്തിറക്കി ആദ്യമായി ശുദ്ധമായ വെള്ളത്തിൽ കണ്ണുകൾ കഴുകിച്ചു.
ശുദ്ധമായ വെള്ളത്തിൽ അവർ കണ്ണ് കഴുകിയിരുന്നു, എന്നിരുന്നാലും നേത്രരോഗവിദഗ്ദ്ധർ പറഞ്ഞത് കുട്ടിയുടെ കണ്ണിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ്.അവളുടെ കണ്ണിലേക്ക് പ്രവേശിച്ച സാനിറ്റൈസർ ജെല്ലിന്റെ ഘടകങ്ങളാണോ അതോ അതിന്റെ ശക്തി കാരണമാണോ കേടുപാടുകൾ സംഭവിച്ചത് എന്നത് വ്യക്തമല്ല. സംഭവം മുഴുവൻ അടുത്തുള്ള സിസിടിവിയിൽ പകർത്തിയിട്ടുണ്ട്.ആ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്..
ഹാൻഡ് സാനിറ്റൈസറുകളിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നതിനാൽ അവ ശരിയായ രീതിയിൽ സൂക്ഷിക്കണം. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് മാറ്റി വയ്ക്കണം. തണുത്തതും വരണ്ടതുമായ സ്ഥലത്ത് ഇവ സൂക്ഷിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു.ചുറ്റുമുള്ള താപനില 40 ഡിഗ്രി സെൽഷ്യസിനു താഴെയായിരിക്കണം. നേരിട്ടുള്ള സൂര്യപ്രകാശത്തിന് കീഴിൽ, വാഹനങ്ങളുടെ ക്യാബിനുള്ളിലെ അന്തരീക്ഷ താപനില വളരെ വേഗത്തിൽ ഉയരും. ഹരിതഗൃഹ പ്രഭാവം കാരണം ക്യാബിന്റെ താപനില പുറത്തെ താപനിലയേക്കാൾ 10-20 ഡിഗ്രി കൂടുതലായിരിക്കും.
അതുകൊണ്ടാണ് ഹാൻഡ് സാനിറ്റൈസർ പോലുള്ള ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ പെർഫ്യൂം പോലുള്ള ഉയർന്ന മർദ്ദമുള്ള ക്യാനുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല.