c
നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലുമുണ്ട് ജീവനക്കാർ

കൊല്ലം: സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സജീവമാക്കാൻ ഇന്ന് മുതൽ ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകൾ കൂടുതൽ മേഖലകളിലേക്ക് നീട്ടണമെന്ന് ആവശ്യം. കരുനാഗപ്പള്ളി, ചവറ, പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, കൊട്ടാരക്കര, കുണ്ടറ, കരിക്കോട്, അഞ്ചാലുംമൂട്, ആയൂർ, പൂയപ്പള്ളി, കണ്ണനല്ലൂർ, മുഖത്തല മേഖലകളിൽ ഉള്ളവർക്ക് മാത്രമാണ് നിലവിൽ പ്രത്യേക സർവീസിന്റെ പ്രയോജനം ലഭിക്കുക. മറ്റിടങ്ങളിലുള്ളവർ ജില്ലാ ആസ്ഥാനത്തെ ഓഫീസുകളിലെത്താൻ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കേണ്ടി വരും. സ്വന്തം വാഹനം ഇല്ലാത്തവർക്ക് ഓഫീസ് യാത്ര ബുദ്ധിമുട്ടാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരു ബസിൽ 27 പേർക്ക് മാത്രമാണ് യാത്രാനുമതി. അങ്ങനെ വരുമ്പോൾ യാത്രാ സൗകര്യമുള്ള മേഖലകളിൽ പോലും എല്ലാവർക്കും പ്രയോജനം ലഭിച്ചേക്കില്ല.

 സ്ഥലങ്ങൾ ഇനിയുമുണ്ട്

ജില്ലയുടെ വടക്കേ അതിർത്തിയായ ശൂരനാട് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് ജില്ലാ ആസ്ഥാനത്തെ ഓഫീസുകളിലെത്തിക്കാൻ ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. പ്രത്യേക സർവീസ് ഏർ‌പ്പെടുത്തിയപ്പോൾ ശാസ്‌താംകോട്ട, ശൂരനാട്, പുത്തൂർ, ഭരണിക്കാവ് മേഖലകളെ അവഗണിച്ചതിൽ പ്രതിഷേധം ശക്തമാണ്. ശാസ്‌താംകോട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയാൽ പരിസര പ്രദേശങ്ങളിലെ ജീവനക്കാർക്ക് പ്രയോജനമാകും.

 സ്വകാര്യ ജീവനക്കാരെയും പരിഗണിക്കണം

ജനങ്ങളാകെ ലോക്ക് ഡൗൺ ദുരിതം അനുഭവിക്കുമ്പോൾ സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രമാണ് ജില്ലാ ഭരണകൂടം യാത്രാ സൗകര്യങ്ങൾ ഒരുക്കിയത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൂടി കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രാ അനുമതി നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

 സർവീസിന്റെ ക്രമീകരണം ഇങ്ങനെ

1. പരമാവധി 27 ജീവനക്കാരെ മാത്രമേ ബസിൽ പ്രവേശിപ്പിക്കൂ.

2. പ്രവേശനം ഔദ്യോഗിക തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിൽ

3. സാധാരണ നിരക്കിന്റെ ഇരട്ടി ഈടാക്കും

4. 8547610032, 9496328008 നമ്പരുകളിൽ വിവരങ്ങൾ ലഭിക്കും

.................................

ജില്ലാ ഭരണകൂടം നിർദ്ദേശിച്ച റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. ആവശ്യപ്പെട്ടാൽ കൂടുതൽ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി സന്നദ്ധമാണ്.

എസ്.മെഹബൂബ്, കെ.എസ്.ആർ.ടി.സി, കൊല്ലം ഡി.ടി.ഒ

..............................

ശാസ്സാംകോട്ട, ശൂരനാട് ഉൾപ്പെടെയുള്ള മേഖലകളിലെ ജീവനക്കാർക്ക് കൂടി പ്രയോജനം ലഭിക്കുന്ന തരത്തിൽ പ്രത്യേക സർവീസുകൾ ക്രമപ്പെടുത്തണം.

വി.എസ്.ജിതിൻദേവ് , ബി.ജെ.പി ജില്ലാ സെക്രട്ടറി