photo

കൊല്ലം: വെളിച്ചത്തിനൊപ്പം നിർധന കുടുംബത്തിന് അന്നവുമെത്തിച്ച് പുത്തൂരിലെ വൈദ്യുതി ജീവനക്കാർ. കൊട്ടാരക്കര കോട്ടാത്തല പണയിൽ പള്ളിയിൽ തെക്കതിൽ വീട്ടിൽ ആർ.ബിജുവിന്റെ കുടുംബത്തിനാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ കാരുണ്യ കടാക്ഷം. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതി വഴി വീട് ലഭിച്ചതാണ് ബിജുവിന്റേത്. പഴയ വീട് പൊളിച്ച് നീക്കിയ ശേഷമാണ് പുതിയ വീട് പണിഞ്ഞത്. പുതിയ വീടിന് വൈദ്യുതി കണക്ഷൻ മാറ്റിക്കൊടുക്കുന്നതിന് അപേക്ഷ നൽകി പണമടച്ചതോടെ വൈദ്യുതി ബോർഡ് ജീവനക്കാർ ബിജുവിന്റെ വീട്ടിലെത്തി.

പ്രായമായ അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ഓട്ടോ ഡ്രൈവറായ ബിജുവിന്റെ കുടുംബമെന്ന് വൈദ്യുതി ബോർഡ് ജീവനക്കാർ ബോദ്ധ്യപ്പെട്ടു. ഒന്നര മാസത്തിലിധികമായി ലോക് ഡൗണിന്റെ ബുദ്ധിമുട്ടുകൾ നിറഞ്ഞ വീട്ടിലെ അവസ്ഥ പുത്തൂർ സെക്ഷനിലെ സബ് എഞ്ചിനീയർ മിനിയെ അറിയിച്ചതോടെയാണ് ഇന്ന് മിനിയും അസി.എഞ്ചിനീയർ അനൂബ് കുമാറും ഓവർസിയർ വിജയൻപിള്ളയുമടക്കം ബിജുവിന്റെ വീട്ടിലേക്കെത്തിയത്. അരിയും പലചരക്ക് സാധനങ്ങളും പച്ചക്കറിയുമടക്കം ബിജുവിന്റെ മാതാപിതാക്കൾക്ക് കൈമാറി. വൈദ്യുതി ബോർഡിന്റെ നന്മയുടെ മുഖം നാട്ടുകാരും തിരിച്ചറിയുകയായിരുന്നു.