paravur
പരവൂർ നഗരസഭയിലെ 30-ാം വാർഡ് 177-ാം നമ്പർ അങ്കണവാടിയിലെ കുട്ടികൾ ദുരിതാശ്വാസ നിധിയിലേക്കുള്ള തങ്ങളുടെ സംഭാവന മുനിസിപ്പൽ ചെയർമാൻ കെ.പി. കുറുപ്പിന് കൈമാറുന്നു

പരവൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി അങ്കണവാടിയിലെ കുട്ടിക്കുരുന്നുകളും കൊവിഡിനെതിരെ രംഗത്ത്. പരവൂർ നഗരസഭയിലെ 30-ാം വാർഡിൽ പ്രവർത്തിക്കുന്ന 177-ാം നമ്പർ അങ്കണവാടിയിലെ കുട്ടികളാണ് കളിപ്പാട്ടം വാങ്ങുന്നതിനായി സൂക്ഷിച്ചിരുന്ന തങ്ങളുടെ വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ അദ്ധ്യാപികയെ ഏൽപ്പിച്ചത്.

അദ്ധ്യാപികയോടൊപ്പം നഗരസഭാ ഓഫീസിൽ എത്തിയ കുട്ടികൾ തങ്ങളുടെ കുഞ്ഞുകൈകളിൽ കരുതിയിരുന്ന തുക മുനിസിപ്പൽ ചെയർമാൻ കെ.പി. കുറുപ്പിന് കൈമാറി. വാർഡ് കൗൺസിലർ എസ്. ഗീത, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യാക്കൂബ്, ഹെൽത്ത് ഇൻസ്‌പെക്‌ടർ അശോക് കുമാർ, അങ്കണവാടി വർക്കർ ഷീല, ഹെൽപ്പർ മിനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

2000 രൂപയാണ് കുട്ടികൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്.