kunnathur
വാറ്റ് ചാരായം വിൽപ്പന നടത്തവേ പോലീസ് പിടികൂടിയ പ്രതികൾ

കുന്നത്തൂർ: ലോക്ക് ഡൗണിന്റെ മറവിൽ വാറ്റ് ചാരായം വില്പന നടത്തിയ നാലു പേരെ പൊലീസ് പിടികൂടി. പള്ളിക്കൽ കള്ളപ്പൻചിറയിൽ ശ്രീനിലയത്തിൽ ശ്രീജിത്ത് (36), ശൂരനാട് വടക്ക് ആനയടി കിണറുവിളയിൽ വീട്ടിൽ സുനിൽ (49),പള്ളിക്കൽ ചെറുകുന്നത്ത് സ്മിത ഭവനിൽ രാജേഷ് (39), വെള്ളച്ചിറ പിണക്കത്തവിള വീട്ടിൽ രവീന്ദ്രൻ പിള്ള (49) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് മൂന്ന് ലിറ്റർ ചാരായം പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വെള്ളച്ചിറ ജംഗ്ഷനിലെ ഒഴിഞ്ഞ ഭാഗം കേന്ദ്രീകരിച്ച് ചാരായ വില്പന നടത്തുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. വെള്ളച്ചിറ ഭാഗത്തെ യുവാക്കളെ ലക്ഷ്യമിട്ട് മൂന്ന് വാഹനങ്ങളിലായാണ് ഇവർ ചാരായമെത്തിച്ചത്. ലിറ്ററിന് 2000 രൂപയാണ് ആവശ്യക്കാരിൽ നിന്ന് ഈടാക്കിയിരുന്നത്. ശൂരനാട് പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സി.ഐ ഫിറോസ്,എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.