ഇന്നലെ പെയ്ത ശക്തമായ മഴയിൽ വാളകം ജംഗ്ഷനിൽ രൂപപ്പെട്ട വെള്ളക്കെട്ട്.
കൊട്ടാരക്കര: ഇന്നലെ വൈകിട്ട് 4 മണിയോടെ പെയ്ത ശക്തമായ മഴയിൽ വാളകം ജംഗ്ഷൻ വെള്ളക്കെട്ടായി മാറിയതോടെ കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും ബുദ്ധിമുട്ടിലായി. വാളകം എം.എൽ.എ ജംഗ്ഷനും പരിസരവുമാണ് വെള്ളക്കെട്ടിലായത്. ജംഗ്ഷനിലെ അശാസ്ത്രീയ ഓട നിർമ്മാണമാണ് വെള്ളക്കെട്ടിനു കാരണമെന്ന് ജംഗ്ഷനിലെ വ്യാപരികൾ പറയുന്നു. ശക്തമായ മഴയിൽ വാളകം അമൃത ഇലക്ട്രിക്കൽസ് , നവമി കുലക്കട എന്നിവിടങ്ങളിൽ വെള്ളം കയറി. റോഡു നിരപ്പിൽ നിന്ന് ഉയർന്നാണ് ഓട നിലകൊള്ളുന്നത്. ഇതുമൂലം മഴവെള്ളം ഓടയിൽ ഒലിച്ചിറങ്ങാതെ റോഡിലൂടെ പരന്നൊഴുകുകയാണ്. പൊതുഗതാഗതം പുനസ്ഥാപിക്കുന്നതിനു മുമ്പ് ഈ വെള്ളക്കെട്ടിനു പരിഹാരമുണ്ടാകണമെന്ന് നാട്ടുകാരു വ്യാപാരികളും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.എം. റെജി ബന്ധപ്പട്ട അധികൃതർക്ക് നിവേദനം നൽകി.