ആട്ടിൻകുട്ടി പിറന്നത് ഒറ്റക്കണ്ണോടെ
അഞ്ചൽ: ചണ്ണപ്പേട്ടയിൽ കഴിഞ്ഞ ദിവസം ജനിച്ച അത്ഭുത ആട്ടിൻകുട്ടി നാട്ടുകാർക്ക് കൗതുകമാകുന്നു. ചണ്ണപ്പേട്ട മീൻകുളം ചെപ്പള്ളി പുത്തൻവീട്ടിൽ ജോയിക്കുട്ടിയുടെ ആടാണ് കഴിഞ്ഞ ദിവസം ഒറ്റക്കണ്ണുള്ള ആട്ടിൻകുട്ടിക്ക് ജന്മം നൽകിയത്. പുത്തൻവീട്ടിൽ ജോയിക്കുട്ടി ഒരാഴ്ച മുമ്പ് ചന്തയിൽ നിന്ന് വാങ്ങിയ ആടാണ് ആട്ടിൻകുട്ടിക്ക് ജന്മം നൽകിയത്. ആട്ടിൻകുട്ടിയുടെ നെറ്റിയുടെ മദ്ധ്യഭാഗത്തായി ഒറ്റക്കണ്ണ് മാത്രമാണുള്ളതെന്ന് പരിശോധനയിൽ വ്യക്തമായി. ജനിതക തകരാർ മൂലമാണ് ഇത്തരം വൈകല്യങ്ങളുമായി മൃഗങ്ങൾ പിറക്കുന്നതെന്ന് അലയമൺ പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. ജോയി ഫ്രാൻസിസ് പറഞ്ഞു. അത്ഭുത ആട്ടിൻകുട്ടിയെ കാണാൻ നിരവധി ആളുകളാണ് ജോയിക്കുട്ടിയുടെ വീട്ടിലെത്തുന്നത്.