kamaeshwar-20

ശാസ്താംകോട്ട: മെറ്റൽ ക്രഷറിലെ ബങ്കറിൽ കുടുങ്ങി അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി കാമേശ്വർ കശ്യപ് (20) ആണ് മരിച്ചത്. പോരുവഴി ഗിരിപുരത്തെ മെറ്റൽ ക്രഷറിൽ ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ബങ്കറിനുള്ളിൽ അടിഞ്ഞു കൂടിയ പാറപ്പൊടി നീക്കം ചെയ്യാൻ കയറുപയോഗിച്ച് ഇറങ്ങി വൃത്തിയാക്കുന്നതിനിടെ ഇയാൾ മെഷീനുള്ളിലേക്ക് വീഴുകയായിരുന്നു. ഇതേ സമയം പ്രവർത്തിച്ചുകൊണ്ടിരുന്ന ബങ്കറിന്റെ മുകളിൽ നിന്ന് കൂടുതൽ പാറപ്പൊടി കാമേശ്വർ കശ്യപിന്റെ ദേഹത്തേക്ക് പതിച്ചു. ഇതിനടിയിൽപ്പെട്ട് മരിച്ച ഇയാളെ ശാസ്താംകോട്ട അഗ്നിരക്ഷാസേനയും ശൂരനാട് പൊലിസും എത്തിയാണ് പുറത്തെടുത്തത്. മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടത്തുമെന്ന് പൊലിസ് പറഞ്ഞു. മെറ്റൽ ക്രഷറിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവയ്പിച്ചു.