fore
തെന്മല ഫോറസ്റ്റ് റെയ്ഞ്ചിലെ ജനസാന്ദ്രതയേറിയ അണ്ടൂർപച്ചയിൽ പുലിയെ നിരീക്ഷിക്കാൻ വീടിനോട് ചേർന്ന് കാമറ സ്ഥാപിക്കുന്ന വനപാലകർ

ജനവാസ മേഖലയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു

പുനലൂർ: കൊവിഡിനെ തുടർന്ന് ജനങ്ങൾ പുരയിടങ്ങളിലും മറ്റും ഇറങ്ങാതായതോടെ കിഴക്കൻ മലയോര മേഖലയിലുള്ളവർ പുലിപ്പേടിയിൽ. കഴിഞ്ഞ ഒരാഴ്ചയായി തെന്മല ഫോറസ്റ്റ് റെയ്ഞ്ചിലെ ജനവാസ മേഖലയായ അണ്ടൂർപച്ച, മാഞ്ചിയംകുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് പുലിയുടെ സാന്നിദ്ധ്യമുള്ളത്. ഒറ്റക്കൽ മാഞ്ചിയംകുന്നിൽ പുലി നടന്ന് പോകുന്നത് നാട്ടുകാർ കണ്ടതായി പറയുന്നു. അണ്ടൂപ്പച്ചയിൽ സ്വകാര്യ ഭൂമിയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടതോടെ സമീപവാസികൾ കടുത്ത ഭീതിയിലാണ്. ഇത് കണക്കിലെടുത്ത് പുലിയുടെ സാന്നിദ്ധ്യം പകർത്താൻ സമീപവാസിയായ ഉത്തമന്റെ പുരയിടത്തിൽ വനപാലകർ രണ്ട് കാമറകൾ സ്ഥാപിച്ചു. എന്നാൽ ഒറ്റക്കൽ മാഞ്ചിയം കുന്നിൽ കാമറകൾ സ്ഥാപിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒരു പുലി തന്നെയാകും എല്ലാ പ്രദേശങ്ങളിലും ഇറങ്ങുന്നതെന്ന് തെന്മല ഫോറസ്റ്റ് റെയ്ഞ്ച് ഒാഫീസർ അജീഷ് അറിയിച്ചു. ഇതുകണക്കിലെടുത്താണ് അണ്ടൂർപച്ചയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. മറ്റ് സ്ഥലങ്ങളിൽ കാമറകൾ വച്ചത് കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ല. പുലിയുടെ സാന്നിദ്ധ്യം വർദ്ധിച്ചെന്ന പരാതിയെ തുടർന്ന് തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നാണ് രണ്ട് കാമറകൾ വാങ്ങിയതെന്നും റെയ്ഞ്ച് ഒാഫീസർ അറിയിച്ചു.