covid
ബാംഗളുരുവിൽ നിന്നെത്തി സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ ഐസൊലേഷനിൽ

പുനലൂർ: കൊവിഡ് വൈറസ് വ്യാപന മേഖലയായ ബാംഗളുരുവിലെ റെഡ്സോണിൽ നിന്നെത്തി പുനലൂർ നഗരസഭയിലെ വിളക്കുവെട്ടത്ത് പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ മകനടക്കമുള്ളവരെ പൊലീസ് പിടികൂടി ഐസൊലേഷനിലാക്കി. വാഹനത്തിൽ കർണാടകത്തിലേക്ക് മടങ്ങിയ ആറംഗസംഘത്തെയാണ് പിടികൂടി പുനലൂർ ജയഭാരം മെന്റൽ ആശുപത്രിയിലെ ഐസൊഷേനിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം.

ഇന്നലെ രാവിലെ ബംഗളുരുവിൽ നിന്ന് ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റ് വഴി തിരികെ മടങ്ങാനുള്ള പാസ് ഉപയോഗിച്ചായിരുന്നു ഇവർ വിളക്കുവെട്ടത്ത് എത്തിയത്. എന്നാൽ ആര്യങ്കാവിൽ പരിശോധനകൾക്ക് വിധേരായ സംഘം 10 ദിവസം ക്വാറന്റൈനിൽ കഴിയാം എന്ന് സമ്മതിച്ചതിനെ തുടർന്നാണ് വാഹനം വിളക്കുവെട്ടത്തേക്ക് കടത്തി വിട്ടതെന്ന് പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ പറഞ്ഞു.

ദീർഘനേരം മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത 6 പേരും അധികൃതരുടെ കണ്ണുവെട്ടിച്ച് കർണാടകത്തിലേക്ക് പോകുന്ന വിവരം ആര്യങ്കാവിലെ ആരോഗ്യ പരിശോധന കേന്ദ്രത്തിന്റെ ചുമലയുള്ള പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറിനെ ബന്ധപ്പെട്ടവർ അറിയിച്ചു.പൊലീസുമായി ആർ.ഡി.ഒ കാത്തു നിന്നാണ് ഇവരെ പിടികൂടിയത്.