കൊല്ലം: നാളെ അന്താരാഷ്ട്ര പ്രകാശദിനം. യുനെസ്കോയുടെ തീരുമാന പ്രകാരമാണ് 2018 മുതൽ മെയ് 16 പ്രകാശ ദിനമായി ആചരിക്കുന്നത്. സർവ്വ ചരാചരങ്ങളുടെ ജീവിതത്തിലും സർവ്വ സംസ്കാരങ്ങളുടെ ഉത്ഭവത്തിലും നിലനിൽപ്പിലും പ്രകാശത്തിന്റെ സ്വാധീനം കണക്കിലെടുത്താണ് ദിനാചരണം നടത്തുന്നത്. 1930 ഓടുകൂടി പ്രകാശത്തെക്കുറിച്ചുള്ള പഠനം പൂർത്തിയായതായി കുറേ ശാസ്ത്രജ്ഞൻമാർ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് ലേസർ കണ്ടുപിടിച്ചത്. ലേസറിന്റെ ഉപയോഗങ്ങൾ ചിന്തകൾക്ക് അപ്പുറത്താണെന്ന് വിലയിരുത്തപ്പെട്ടു. ആരോഗ്യ മേഖലയിലും വയർലെസ് കമ്മ്യൂണിക്കേഷൻ മേഖലകളിലുമടക്കം ദൈനംദിന ജീവിതത്തിൽ ലേസറുകൾ ഇല്ലാതെ വയ്യ എന്ന അവസ്ഥയായി. പ്രശസ്ത ശാസ്ത്രജ്ഞൻ തിയോഡർ മെയ്മാൻ ലേസറിന്റെ വിജയകരമായ പരീക്ഷണം നടത്തിയത് 1960 മെയ് 16ന് ആണ്. അതുകൊണ്ടാണ് മെയ് 16 യുനെസ്കോ പ്രകാശദിനമായി തിരഞ്ഞെടുത്തത്.
2015ൽ അന്താരാഷ്ട്ര പ്രകാശ വർഷത്തോടനുബന്ധിച്ച് റോമിലെ സപ്പൻസിയ യൂണിവേഴ്സിറ്റിയിൽ നടന്ന കോൺഫറൻസിൽ ലോക പ്രകാശ ദിനം ആചരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് കൊല്ലം സ്വദേശിയായ പ്രൊഫ. വിവേകാനന്ദനാണ്. നാളെ രാവിലെ 11ന് സൂം ആപ്ളിക്കേഷനിലൂടെയുള്ള ഓൺലൈൻ യോഗത്തിൽ പ്രൊഫ.വിവേകാനന്ദന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര പ്രകാശദിനം ആഘോഷിക്കും. 'പ്രകാശവും ലേസറും' എന്ന വിഷയത്തിൽ വിദഗ്ദ്ധർ പ്രഭാഷണം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. ഡോ. പി. വിവേകാനന്ദൻ: 7591997711, 7907285574, 9846768693.