divya

ഒരുകാലത്ത് മലയാളത്തിലെ പ്രിയ നടിയായിരുന്നു ദിവ്യ ഉണ്ണി. വിവാഹത്തോടെ ദിവ്യ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. നല്ലൊരു നർത്തകിയായ ദിവ്യ നൃത്ത രംഗത്ത് ഇപ്പോഴും സജീവമാണ്. സിനിമയിലേക്ക് തിരികെ വന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ സംവദിക്കാറുണ്ട്. ദിവ്യ ഉണ്ണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ പോസ്റ്റ് ചർച്ചയായി മാറുകയാണ്. തന്റെ അരങ്ങേറ്റത്തിന്റെ ചിത്രമാണ് ദിവ്യ പങ്കുവച്ചിരിക്കുന്നത്. അരങ്ങേറുമ്പോൾ ദിവ്യ ഉണ്ണിയ്ക്ക് പ്രായം നാലായിരുന്നു.

പൊന്നേത്ത് ഭഗവതി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം നടന്നതെന്നും താരം ഓർക്കുന്നു. സൂര്യ ഫെസ്റ്റിവലിൽ നിന്നുമുള്ളതാണ് പുതിയ ചിത്രം. ഇത്രയും കാലമായിട്ടും മാറാത്തത് മഞ്ഞയോടുള്ള അമ്മയുടെ പ്രണയമാണെന്ന് താരം പറയുന്നു. രണ്ട് ചിത്രങ്ങളിലും ദിവ്യ മഞ്ഞയാണ് അണിഞ്ഞിരിക്കുന്നത്. തന്റെ വസ്ത്രങ്ങൾ അമ്മ തന്നെയാണ് തിരഞ്ഞെടുക്കുന്നതെന്നും ദിവ്യ ഉണ്ണി പറയുന്നു.

ബാലതാരമായി സിനിമയിലെത്തിയ ദിവ്യ കല്യാണ സൗഗന്ധികത്തിലൂടെയാണ് നായികയായി മാറുന്നത്. പിന്നീട് ആകാശഗംഗ, നീ വരുവോളം, കാരുണ്യം, ഉസ്താദ്, ചുരം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ഇക്കഴിഞ്ഞ ലോകനൃത്ത ദിനത്തിൽ ദിവ്യ ഉണ്ണി ഗുരുവായൂർ കണ്ണൻ നൃത്താർച്ചനയുമായി എത്തിയിരുന്നു. ഭാഗ്യലക്ഷ്മി ഗുരുവായൂർ ആലപിച്ച കൃഷ്ണസ്തുതിക്കാണ് ദിവ്യ ഉണ്ണി ഭാവാവിഷ്‌ക്കാരം നല്‍കിയത്.