ബെഞ്ചമിൻ ഐഡൂവിനെയും സംഘത്തേയും അറിയാത്തവർ സോഷ്യൽ മീഡിയയിൽ ചുരുക്കമാണ്. ശവപ്പെട്ടി ചുമക്കുന്ന ഘാനയിലെ ഈ സംഘത്തെ അത്ഭുത്തോടെയാണ് പലരും നോക്കി കാണുന്നത്. ശവപ്പെട്ടിയുമായി നൃത്തം ചെയ്യുന്ന ഇവരുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറയെ ഉണ്ട്. ശവസംസ്കാര ചടങ്ങുകളിൽ ജോലി ചെയ്യുന്ന സംഘമാണിവരുടേത്.
2017 -ൽ ബിബിസി ഇവരെ കുറിച്ച് ചെയ്ത ഡോക്യുമെന്ററിയിലൂടെയാണ് ആദ്യം ഇവർ പ്രശസ്തരാവുന്നത്. ഇപ്പോഴിതാ ഈ കൊവിഡ് കാലത്ത് ബഞ്ചമിനും സംഘവും ആളുകൾ സാമൂഹിക അകലം സൂക്ഷിക്കാനും വീട്ടിലിരിക്കാനും മുന്നറിയിപ്പ് നൽകുകയാണ്. വീട്ടിലിരുന്നില്ലെങ്കിൽ ശവപ്പെട്ടിയിലാകുമെന്നാണ് അവർ പറയുന്നത്.
ബഞ്ചമിന്റെയും സംഘത്തിന്റെയും ശവമഞ്ച നൃത്തം കൊവിഡ് കാലത്തും പലയിടത്തും പലരൂപത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയിലെ പൊലീസുകാർ ഒരാളെ ഇങ്ങനെ ചുമന്ന് നൃത്തം ചെയ്ത് പോകുന്ന ദൃശ്യവും പെറുവിലെ പൊലീസുകാരുടെ ദൃശ്യവുമെല്ലാം ഇതിൽപെടും. 2003 -ൽ സ്കൂളിൽ പഠിക്കുമ്പോഴാണ് ബഞ്ചമിൻ ആദ്യമായി ഇങ്ങനെ ശവമഞ്ചം ചുമക്കുന്ന ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് ആ സംഘത്തിന്റെ നേതാവായി.പിന്നീട് ശവമഞ്ചം ചുമക്കുന്നതോടൊപ്പം ഇത്തരത്തിൽ നൃത്തം ചെയ്യാനുള്ള കൊറിയോഗ്രഫിയും ബഞ്ചമിൻ ചെയ്തു. ജനിച്ചാൽ മരണം സുനിശ്ചിതമാണെന്നും അതുവരെ ആഘോഷമായി ജീവിച്ചവർ മരിക്കുമ്പോഴും ചടങ്ങുകൾക്ക് അൽപം ആഘോഷമായാലെന്താണ് കുഴപ്പമെന്നാണ് ബഞ്ചമിന്റെ ചോദ്യം.
100 സ്റ്റാഫുകളുണ്ട് ഇന്ന് ബഞ്ചമിന്. 95 പുരുഷന്മാരും അഞ്ച് സ്ത്രീകളും. അതിൽ രണ്ട് സ്ത്രീകൾ ബഞ്ചമിനെപ്പോലെ ലീഡ് ശവമഞ്ചം ചുമപ്പുകാരാണ്. അടുത്തിടെ സംഘം ഒരു മാനേജരെക്കൂടി നിയമിച്ചു..ഈ കൊവിഡ് 19 എന്ന മഹാമാരി അവസാനിച്ചു കഴിഞ്ഞാൽ ലോകമെമ്പാടുമുള്ള ആളുകളെ മികച്ച ശവസംസ്കാര ചടങ്ങുകളെ കുറിച്ച് ബോധവാന്മാരാക്കുമെന്നും ബഞ്ചമിൻ പറയുന്നു.ഈ മഹാമാരിക്ക് ശേഷം സജീവമാവാനാണ് ബഞ്ചമിന്റെയും സംഘത്തിന്റെയും തീരുമാനം. ഒപ്പം ലോകത്തെ സകല ജനങ്ങളോടും വീട്ടിലിരിക്കാനും രാജ്യത്ത് നിലവിലുള്ള നിർദ്ദേശങ്ങൾ പാലിച്ച് കൊവിഡിനെ തോൽപ്പിക്കണമെന്നും ബഞ്ചമിനും സംഘവും അഭ്യർത്ഥിക്കുന്നു.