കൊല്ലം: കിഴക്കൻ മലയോര മേഖലയിൽ ഡെങ്കിപ്പനി വ്യാപകമായതോടെ 25 പേർ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. അഞ്ചൽ, ഏരൂർ, ഇടമുളയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് ഡെങ്കിപ്പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ആഴ്ചയിൽ പനി ബാധിച്ച് 12 പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിന് ശേഷം 13 പേർ കൂടി ഡെങ്കിപ്പനി പിടിപെട്ട് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയതോടെ രോഗികളുടെ എണ്ണം 25 ആയി. ഇതിൽ ഏരൂർ സ്വദേശികളായ രണ്ട് പേരെ ഇന്നലെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ആശുപത്രി സുപ്രണ്ട് ഡോ.ആർ.ഷാഹിർഷ അറിയിച്ചു.