കൊല്ലം: കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യൂ, കവിത തയ്യാർ! എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള മാതൃകം ജില്ലാ കമ്മിറ്റിയുടെ വകയാണ് കവിത. ഇരുന്നൂറ് രൂപയിൽ കുറയാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവർക്കാണ് തങ്ങളെപ്പറ്റിയുള്ള കവിത ലഭിക്കുന്നത്. സംഭാവന ചെയ്തതിന്റെ രസീതിന്റെ സ്ക്രീൻ ഷോട്ടും ഒപ്പമൊരു ഫോട്ടോയും 9497080847, 7025895350 എന്നീ നമ്പരുകളിലേക്ക് വാട്ട്സ് ആപ് ചെയ്തുകൊടുത്താൽ മതി. അല്പ സമയം കഴിയുമ്പോഴേക്കും ഫോട്ടോ ആലേഖനം ചെയ്ത് ഒരു ഹൃദ്യ കവിത റെഡിയാക്കി അയച്ചുതരും. അതും സംഭാവന ചെയ്തയാളെപ്പറ്റിയുള്ളത്.
ഭാവന നിറംപിടിപ്പിച്ച ലോകത്ത് സ്വപ്ന ജീവികളായി അലയുന്നവരല്ല, വർത്തമാനകാല ജീവിതത്തിന്റെ നേരും നെറിയും തിരിച്ചറിയുന്ന കവിതയെഴുത്തിന് സജ്ജരായ ഒരു ടീമിനെ മാതൃകം നിയോഗിച്ചിട്ടുണ്ട്. തുടക്ക ദിനങ്ങളിൽത്തന്നെ നൂറുകണക്കിന് കവിതകളെഴുതാൻ ടീമിന് കഴിഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവർക്കും മനസിന് സന്തോഷമുളവാക്കുകയാണ് പുതിയ കവിതകൾ. കൂടുതൽപേർക്ക് സംഭാവന നൽകാൻ പ്രേരണയുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ചെറുപ്പക്കാരാണ് അധികവും കവിതയ്ക്കായി രസീത് അയച്ചുതരുന്നതെന്നും സംഘാടകർ പറഞ്ഞു.