congress
കെ.എസ്.ആർ.ടി.സി ബസ് ഓച്ചിറ വരെ നീട്ടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ട്രാൻ. ബസ് സ്റ്റേഷന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം കെ.പി.സി.സി. നിർവാഹക സമിതി അംഗം ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ജില്ലാ അതിർത്തിയായ ഓച്ചിറയിൽ നിന്ന് കായംകുളത്തിനും ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലും എത്തേണ്ട യാത്രക്കാർ ബസ് ലഭിക്കുന്നതിന് ദേശീയ പാതയിലൂടെ നടക്കേണ്ടത് മൂന്ന് കിലോമീറ്റർ. ആലപ്പുഴ നിന്നുള്ള ബസ് സർവീസ് മുക്കടയിൽ അവസാനിപ്പിക്കുന്നതാണ് കാരണം. നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഓച്ചിറയിൽ നിന്ന് ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത്. മറ്റ് ഗതാഗത സൗകര്യങ്ങൾ ലഭിക്കാത്തതിനാൽ ഇവർ മുക്കടയിലേക്കും തിരിച്ചും നടക്കുകയാണ്. ഇവരിൽ നിന്നെല്ലാം ഓച്ചിറ നിന്നുള്ള ചാർജ്ജാണ് കെ.എസ്.ആർ.ടി.സി ഇൗടാക്കുന്നത്.

കുത്തിയിരുപ്പ് സമരം

ആലപ്പുഴയിൽ നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസ് ഓച്ചിറ വരെ നീട്ടണമെന്നും ബസ് ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റി ഓച്ചിറ ട്രാൻ. ബസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം ആർ. രാജശേഖരൻ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. നീലികുളം സദാനന്ദൻ, എൻ. കൃഷ്ണകുമാർ, അൻസാർ എ. മലബാർ, കെ. ശോഭകുമാർ, സന്തോഷ് തണൽ, കണ്ടത്തിൽ ഷുക്കൂർ, എച്ച്.എസ്. ജയ്‌ഹരി, കെ. മോഹനൻ, കെ.വി. വിഷ്ണുദേവ്, പി.ഡി. ശിവശങ്കരപിള്ള, പൊന്നൻ, കെ.എം.കെ. സത്താർ, കെ. കേശവപിള്ള, നിസാം സേഠ് തുടങ്ങിയവർ നേതൃത്വം നല്കി.