കൊല്ലം: ലോക്ക് ഡൗൺ ഇളവുകളിൽ പൊതുഇടങ്ങളും വ്യാപാര കേന്ദ്രങ്ങളും സജീവമായെങ്കിലും ഉത്പന്നങ്ങൾക്ക് പലതിനും സാധാരണക്കാരന് താങ്ങാനാകാത്ത വിലയാണ്. അവശ്യ സാധനങ്ങളുടെ വില ലോക്ക്ഡൗൺ രണ്ട് മാസത്തിലേക്ക് അടുക്കുമ്പോൾ വൻതോതിൽ ഉയർന്നു. ആദ്യ ദിനങ്ങളിൽ ഉയർന്ന പച്ചക്കറിവില ക്രമേണ താഴ്ന്നത് ആശ്വാസമായെങ്കിലും മത്സ്യം, കോഴി- പോത്ത് ഇറച്ചി, കുപ്പിവെള്ളം, പഴങ്ങൾ തുടങ്ങി സകലതിനും തീവിലയാണ്.
ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും തൊഴിൽ മേഖലകൾ ഇനിയും സജീവമായിട്ടില്ല. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് വരുമാനവും ലഭിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ കൃത്യമായ ഇടവേളകളിൽ അവശ്യസാധനങ്ങളുടെ വില വിപണയിൽ ഉയരുന്നുണ്ട്. ചെറുപയർ, വൻപയർ, ഉഴുന്ന്, കടല, ഗ്രീൻപീസ്, ശർക്കര, തുവര പരിപ്പ്, അരി തുടങ്ങിയവയുടെയെല്ലാം വില മാർച്ച് അവസാന വാരത്തേതിനേക്കാൾ ഉയർന്നു. വരുമാനം ഇല്ലാത്ത സമൂഹത്തിന് ചെറിയ വില വർദ്ധനവ് പോലും താങ്ങാനുള്ള ശേഷിയില്ല. സർക്കാർ വിതരണ കേന്ദ്രങ്ങളിലും വില വർദ്ധനവ് പ്രകടമാണ്.
കുപ്പി വെള്ളം തണുക്കില്ല
ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തി സർക്കാർ ഉത്തരവ് വന്നെങ്കിലും 20 രൂപയ്ക്കേ വിൽക്കൂ എന്ന വാശിയിലാണ് പലരും. ഇളവുകളുടെ കാലത്ത് വിപണിയിൽ തിരക്കേറിയപ്പോൾ 20 രൂപ ഈടാക്കുന്ന വ്യാപാരികൾക്ക് നേരെ തർക്കം ഉന്നയിക്കുന്ന ഉപഭോക്താക്കളുടെ എണ്ണമേറി.
മത്സ്യവില മാറിമറിയും
ലോക്ക് ഡൗണിൽ ഇളവുകളിൽ മത്സ്യച്ചന്തകളും വഴിയോര കച്ചവടവും വീണ്ടും സജീവമായി തുടങ്ങി. നെത്തോലിയും മത്തിയും ഉൾപ്പെടെയുള്ള സാധാരണക്കാരന്റെ ഇഷ്ട മത്സ്യങ്ങൾ ഉൾപ്പെടെ തൂക്കി വിൽക്കുന്നതാണ് പതിവ്. മത്തി 340, നെത്തോലി 230 എന്നിങ്ങനെ ചില്ലറ വിപണിയിലെ കിലോ വില പലപ്പോഴും ഉയർന്നു. മത്സ്യത്തിന്റെ വില നിർണ്ണയത്തിന് പ്രത്യേക സംവിധാനമൊന്നുമില്ലാത്തതിനാൽ ഇത് മണിക്കൂറുകൾക്കുള്ളിൽ മാറിമറിയും.
ഇറച്ചിക്കോഴി വില തോന്നിയപോലെ
കോഴി ഇറച്ചിക്ക് ആവശ്യക്കാർ കൂടിയതോടെ വില വർദ്ധിപ്പിക്കാൻ ഇടനിലക്കാരും വ്യാപാരികളും മത്സരിക്കുകയാണ്. 135 മുതൽ 150 രൂപ വരെ ഈടാക്കി ഒരു കിലോ കോഴി ഇറച്ചി വിൽക്കുന്ന കടകൾ ജില്ലയിലുണ്ട്. എന്നാൽ വില വർദ്ധനവിന്റെ നേട്ടം നാട്ടിലെയും മറുനാട്ടിലെയും കോഴി കർഷകന് ലഭിക്കുന്നില്ല. ന്യായവിലയ്ക്ക് ഇറച്ചികോഴി വിൽക്കുന്ന കടകളും ജില്ലയിലുണ്ട്. വിജിലൻസ് ഇടയ്ക്കിടെ പരിശോധന നടത്തിയെങ്കിലും അമിതവില നിയന്ത്രിക്കാനായില്ല.
വിപണിയിലെ വിജിലൻസ്
ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ പരിശോധനകൾക്ക് പുറമെ വിപണിയിൽ വിജിലൻസ് കൂടി ഇടപെട്ടതോടെയാണ് കൊള്ളവില കുറഞ്ഞ് തുടങ്ങിയത്. വിലവിവരപട്ടിക സ്ഥാപിക്കാൻ വ്യാപാരികളെ നിർബന്ധിതരാക്കിയതും വിജിലൻസ് പരിശോധനകളാണ്. പക്ഷേ പരിശോധനകളെ മറികടന്നും വില ഉയരുന്നതാണ് ജനങ്ങളെ വലയ്ക്കുന്നത്.