കൊവിഡിനെ ചെറുത്തുതോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകം. രാജ്യം ലോക്ക് ഡൗണിലായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിരവധി പേരാണ് സഹായവുമായി രംഗത്തെത്തുന്നത്. അത്തരത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി കപ്പ് കേക്കുണ്ടാക്കി വിറ്റ് നല്ലൊരു തുക സ്വരൂപിച്ചിരിക്കുകയാണ് കബീർ എന്ന മൂന്നു വയസുകാരൻ.
മുംബയ് സ്വദേശികളായ കരിഷ്മ, കേശവ്ദമ്പതികളുടെ മകനാണ് ഈ മൂന്നുവയസുകാരൻ. കേക്ക് വിറ്റതിലൂടെ ലഭിച്ച തുക മുംബയ് പൊലീസിന് കൈമാറുന്ന കബീറിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡികളിൽ വൈറലായി കഴിഞ്ഞു. മുംബയ് പൊലീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
10,000 രൂപ സമാഹരിക്കുകയായിരുന്നു കബീറിന്റെ ലക്ഷ്യം, എന്നാൽ, അപ്രതീക്ഷിതമായാണ് 50,000 രൂപ ഈ കൊച്ചുമിടുക്കൻ ലഭിച്ചത്. മാതാപിതാക്കളും ഈ മിടുക്കന്റെ ദൗത്യത്തിന് ഒപ്പം നിന്നു. തുക അടങ്ങിയ ചെക്ക് കബീർ, മാതാപിതാക്കൾക്കൊപ്പം പൊലീസ് കമ്മീഷണർ പരംബീർ സിംഗിന് കൈമാറി.തുകയ്ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥർക്ക് മധുരപലഹാരങ്ങൾ നിറഞ്ഞ ഒരു പെട്ടിയും കബീർ നല്‍കി. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കബീറിനെ പ്രശംസിച്ചും അഭിനന്ദിച്ചും കൊണ്ട് രംഗത്തെത്തുന്നത്.