c
ആലപ്പാടിന്റെ തീരത്തെ കടൽ ഭിത്തി തകർന്ന നിലയിൽ

ഒാച്ചിറ : ആലപ്പാട് പഞ്ചായത്തിൽ കടൽഭിത്തി പുനർ നിർമ്മിക്കുമെന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങുന്നു. ദിവസങ്ങൾ കഴിയുന്തോറും ആലപ്പാടിന്റെ തീരം കടൽ കാർന്നുതിന്നുകയാണ്. കടൽ കയറിയാൽ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതും ജനപ്രതിനിധികൾ സ്ഥലത്തെത്തി പ്രഖ്യാപനങ്ങൾ നടത്തുന്നതും പതിവാണ്.

ആലപ്പാടിന്റെ തീരം സംരക്ഷിക്കാനായുള്ള കടൽ ഭിത്തി, പുലിമുട്ട് എന്നിവയുടെ നിർമ്മാണ ചുമതല സംസ്ഥാന ഇറിഗേഷൻ വകുപ്പിനാണ്. വർഷങ്ങളായി വിവിധ സർക്കാരുകൾ കടൽ ഭിത്തി നിർമ്മിക്കാനായി കോടികളാണ് ചെലവഴിച്ചിട്ടുള്ളത്. എന്നാൽ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്തുകളി മൂലം ഉദ്ദേശിച്ച ഫലം ലഭിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.

നിലവിൽ ചെറിയഴീക്കൽ, കുഴിത്തുറ, ശ്രായിക്കാട് പ്രദേശങ്ങളിൽ അതി രൂക്ഷമായ കടലാക്രമണമുണ്ട്. പതിമൂന്ന് കോടി രൂപ ചെലവഴിച്ച് ആധുനികരീതിയിൽ നിർമ്മിച്ച തീരദേശ റോഡ് തകർച്ചാ ഭീഷണി നേരിടുകയാണ്. കടൽ ഭിത്തികൾ ഭാഗികമായി നശിച്ച പറയക്കടവിലും അഴീക്കലിലും കടൽ കരയിലേക്ക് ഇരച്ചുകയറുന്നത് പതിവ് കാഴ്ചയാണ്. 2014ൽ കെ.സി. വേണുഗോപാൽ മുൻകൈയെടുത്ത് അഴീക്കൽ, പറയകടവ്, ആലപ്പാട് എന്നിവിടങ്ങളിൽ 18 കോടി രൂപ ചെലവിട്ട് പുലിമുട്ട് സ്ഥാപിച്ചിരുന്നു. കടലിനുള്ളിലേക്ക് കൂറ്റൻ പാറകൾ നീളത്തിൽ അടുക്കിയാണ് പുലിമുട്ടുകൾ നിർമ്മിക്കുന്നത്. നിലവിലുള്ള കടൽ ഭിത്തികൾ ബലപ്പെടുത്താനുള്ള തുടർ പദ്ധതികൾ ഇറിഗേഷൻ വകുപ്പ് സ്വീകരിക്കാത്തതിനാൽ ദുർബലമായ കടൽ ഭിത്തികളുള്ള പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്.

കടലാക്രമണം തടയാൻ പുലിമുട്ടുകൾ സ്ഥാപിക്കണം. നേരത്തേ പുലിമുട്ടുകൾ സ്ഥാപിച്ച പ്രദേശങ്ങളിൽ കടലാക്രമണം കുറവാണ്.

ബേബി, ഗ്രാമ പഞ്ചായത്തംഗം, ആലപ്പാട്

ജിയോ ട്യൂബ് പദ്ധതി

ജിയോ ട്യൂബ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ധനമന്ത്രിക്കും ചീഫ് എൻജിനിയർക്കുമുള്ളത്. സിന്തറ്റിക് ഫൈബറിൽ നിർമ്മിച്ച കൂറ്റൻ ട്യൂബുകളിൽ മണൽ നിറച്ച് തീരത്തിനോട് ചേർന്ന് കടലിൽ നിക്ഷേപിക്കുന്ന രീതിയാണ് ജിയോ ട്യൂബ് ടെക്നോളജി. ചെല്ലാനം കടപ്പുറത്ത് ഇതുപയോഗിച്ച് കടൽ ഭിത്തി നിർമ്മിച്ചിട്ടുണ്ട്. ജിയോ ട്യൂബ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമ്മാണം കൂറ്റൻ തിരകൾ അടിക്കുന്ന ആലപ്പാട് തീരത്തിന് യോജിച്ചതല്ല. കടലിന് ആഴം കൂടിയ ആലപ്പാട് തീരത്ത് കടലാക്രമണം തടയുന്നതിന് ഫലപ്രദമായ മാർഗം പുലിമുട്ടുകളാണെന്ന് ചെന്നൈ എെ.എെ.ടിയുടെ പഠനം തെളിയിച്ചിട്ടുണ്ട്.

25 ലക്ഷം ഐ.ഐ.ടിക്ക് നൽകാനുണ്ട്

ശ്രായിക്കാട്, കുഴിത്തുറ, ചെറിയഴീക്കൽ, പണിക്കർ കടവ് എന്നിവിടങ്ങളിൽ പുലിമുട്ട് സ്ഥാപിക്കാൻ ഇറിഗേഷൻ വകുപ്പ് പദ്ധതി തയ്യാറാക്കുകയും പഠനം നടത്താനും ഡിസൈൻ തയ്യാറാക്കാനും ചെന്നൈ ഐ.ഐ.ടി യെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അവർ കൃത്യമായി പഠനം നടത്തി എവിടെയൊക്കെ പുലിമുട്ട് സ്ഥാപിക്കണമെന്ന് കാണിച്ച് ഡിസൈൻ തയ്യാറാക്കി. എന്നാൽ പ്രസ്തുത പഠനം നടത്തിയതിന് ഐ.ഐ.ടിക്ക് സംസ്ഥാന സർക്കാർ നൽകേണ്ട 25 ലക്ഷം രൂപ നാളിതുവരെ നൽകിയിട്ടില്ല. അത് കാരണം 40 കോടി രൂപയുടെ നബാർഡിന്റെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

17 കിലോമീറ്ററോളം നീണ്ടു കിടക്കുകയാണ് ആലപ്പാടിന്റെ തീരം