കൊല്ലം: കൊലപാതകശ്രമത്തിന് ഒളിവിൽപോയ പ്രതിയെ പതിനഞ്ച് മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം ആവണീശ്വരം ചക്കുപാറ ചരുവിള വീട്ടിൽ ശിവനെയാണ്(23) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ആവണീശ്വരം ചക്കുപാറ അഭിനിവാസിൽ വിനോദിനെയാണ്(42) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. 2019 ഫെബ്രുവരിയിലാണ് സംഭവം. ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപം വച്ചായിരുന്നു ആക്രമണം. ശിവന്റെ വാഹനം കുന്നിക്കോട് പൊലീസ് മറ്റൊരു കേസിൽ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ വാഹനം പൊലീസിന് കാട്ടിക്കൊടുത്തത് വിനോദാണെന്ന ധാരണയിലായിരുന്നു ആക്രമണം. രണ്ടാം പ്രതി ബിജുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുന്നിക്കോട് സി.ഐ മുബാറക്, എസ്.ഐ ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ വേറെയും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.