അഞ്ചൽ: ഗിന്നസ് റെക്കോർഡിനെ മറികടന്ന ഏറ്റവും കൂടുതൽ വലിപ്പമുള്ള തേൻവരിക്ക മുറിക്കാൻ മന്ത്രിയെത്തി. ഇടമുളയ്ക്കൽ നെടുവിള പുത്തൻവീട്ടിൽ ജോൺ കുട്ടിയുടെ വീട്ടുവളപ്പിലെ പ്ളാവിൽ വിളഞ്ഞ 51.5 കിലോ തൂക്കമുള്ള തേൻവരിക്കയാണ് മന്ത്രി കെ. രാജു മുറിച്ച് വിതരണം ചെയ്തത്. കേരള കൗമുദിയിൽ വാർത്ത കണ്ടാണ് ഗിന്നസിൽ കയറാൻ സാദ്ധ്യതയുള്ള തേൻവരിക്കയെക്കുറിച്ച് അറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. മുറിച്ച തേൻവരിക്കയുടെ ആദ്യ ചുള മന്ത്രി ജോൺകുട്ടിക്ക് നൽകി. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ് എന്നിവരും മന്ത്രിക്കൊപ്പം എത്തിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേം രാജ്, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം സൈമൺ അലക്സ്, ലിജു ആലുവിള എന്നിവരുടെ നേതൃത്വത്തിൽ ജോൺകുട്ടിയെ വീട്ടിലെത്തി ആദരിച്ചു.