തുടർച്ചയായ നാലാം വർഷവും 25 ലക്ഷം രൂപ കൈമാറി
കൊല്ലം: കൊവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോഴും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മുണ്ടയ്ക്കലെ ക്വയിലോൺ പൂവർഹോമിലെ നിരാലംബരായ അന്തേവാസികളെ മറന്നില്ല. തുടർച്ചയായ നാലാം വർഷവും 25 ലക്ഷം രൂപ അഗതിമന്ദിരത്തിന് സംഭാവന നൽകി ദുരിതകാലത്തും അദ്ദേഹം മാതൃകയായി. ഒരു കോടി രൂപയാണ് ഇതുവരെ ക്വയിലോൺ പുവർഹോമിന് സംഭാവനയായി നൽകിയത്.
2017ലാണ് ക്വയിലോൺ പുവർഹോമിന്റെ ദുരവസ്ഥ മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ട യൂസഫലി അന്തേവാസികളുടെ താമസസൗകര്യവും ഭക്ഷണവും മെച്ചപ്പെടുത്തുന്നതിനായി 25 ലക്ഷം രൂപയുടെ ആദ്യ ധനസഹായം എത്തിച്ചത്. അടുത്ത വർഷങ്ങളിലും ഇത് തുടർന്നു. ഈ തുക വിനിയോഗിച്ച് അഗതിമന്ദിരത്തിൽ ശുചിമുറികൾ, കിടക്കകൾ, ചികിത്സാ മുറികൾ തുടങ്ങിയ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നു. നിലവിൽ 63 പുരുഷൻമാരും 52 സ്ത്രീകളുമാണ് ഇവിടെ അന്തേവാസികളായുള്ളത്.
ലുലു റീജിയണൽ ഡയറക്ടർ ജോയ് സദാനന്ദൻ, ലുലു ഗ്രൂപ്പ് മീഡിയാ കോ ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ ചേർന്ന് പുവർഹോം അധികൃതർക്ക് തുക കൈമാറി. കൂടാതെ അന്തേവാസികൾക്ക് ആവശ്യമായ മാസ്കുകളും നൽകി. ചടങ്ങിൽ കൊല്ലംമേയർ ഹണി ബെഞ്ചമിൻ, ക്വയിലോൺ പൂവർഹോം സെക്രട്ടറിഡോ. ഡി ശ്രീകുമാർ എന്നിവരും സംബന്ധിച്ചു.