പുനലൂർ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസ് സർവീസുകൾ നിറുത്തി വച്ചത് മൂലം ജീവനക്കാരും ഉടമകളും സാമ്പത്തിക പ്രതിസന്ധിയിൽ. ഡ്രൈവർമാർ ഉൾപ്പടെ പുനലൂരിലെ 450ഓളം ബസ് ജീവനക്കാരാണ് ജോലിയില്ലാതെ വലയുന്നത്. പുനലൂരിൽ നിന്നും പത്തനാപുരം, കോഴഞ്ചേരി,പത്തനംതിട്ട, തിരുവല്ല, അഞ്ചൽ, അയൂർ, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന 60 ഓളം സ്വകാര്യ ബസുകളാണ് ഒന്നര മാസമായി സർവീസ് നിറുത്തി വച്ചിരിക്കുന്നത്. ബസുകളിൽ ഭൂരിഭാഗവും പുനലൂരിലെ ചെമ്മന്തൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുകയാണ്. സർവീസുകൾ നിലച്ചതോടെ ബസ് ഉടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ബസുകളുടെ ടാക്സ്, ഇൻഷ്വറൻസ്, പെർമിറ്റ്, ഫിറ്റ്നസ് തുടങ്ങിയവയ്ക്ക് ആവശ്യമായ തുക പുറത്ത് നിന്ന് കണ്ടെത്തേണ്ട ഗതികേടിലാണ് ബസുടമകൾ. ബാങ്ക് വായ്പ എടുത്ത് ബസ് വാങ്ങിയവർ കടക്കെണിയുടെ വക്കിലാണ്. ലോക്ക് ഡൗൺ കാലാവധി വീണ്ടും നീട്ടിയാൽ തങ്ങൾ പട്ടിണിയിലാകുമെന്ന് ബസ് ജീവനക്കാർ പറയുന്നു.