കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെ 117-ാമത് സ്ഥാപക ദിനം വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ഐക്യദീപം തെളിച്ച് ആചരിച്ചു. യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാന പ്രകാരം ശുചിത്വ ബോധവത്കരണ ദിനമായാണ് യൂണിയനുകളിലും ശാഖകളിലും ദിനാചരണം നടന്നത്. യൂണിയൻ ഓഫീസ് അങ്കണത്തിൽ ഭാരവാഹികൾ യോഗം നിലവിൽ വന്ന 117 വർഷത്തെ പ്രതിനിധാനം ചെയ്ത് 117 ചെരാതുകൾ തെളിച്ചു.
കൊല്ലം യൂണിയനിൽ
കൊല്ലം യൂണിയൻ ഓഫീസ് അങ്കണത്തിൽ വൈകിട്ട് 6ന് നടന്ന ചടങ്ങിൽ പ്രസിഡന്റ് മോഹൻ ശങ്കർ ഐക്യദീപം തെളിച്ച് ദിനാചരണം ഉദ്ഘാടനം ചെയ്തു. ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ച് അഞ്ച് പേരിൽ ഒതുങ്ങുന്നതായിരുന്നു പരിപാടി. സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ. രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി. രമേശ് എന്നിവർ പങ്കെടുത്തു. യൂണിയന് കീഴിലെ എല്ലാ ശാഖാ ഓഫീസുകളിലും ഐക്യദീപം തെളിഞ്ഞു.
ചാത്തന്നൂർ യൂണിയനിൽ
ചാത്തന്നൂർ യൂണിയനിലെ ഐക്യദീപം തെളിക്കൽ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ആദ്യദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ്, സെക്രട്ടറി കെ. വിജയകുമാർ, അസി. സെക്രട്ടറി എൻ. നടരാജൻ, ഭാരവാഹികളായ അനിൽകുമാർ, അജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. യൂണിയന് കീഴിലുള്ള ശാഖാ ഓഫീസുകളിലും ഭവനങ്ങളിലും ഐക്യദീപം തെളിഞ്ഞു.
കുണ്ടറ യൂണിയനിൽ
കുണ്ടറ യൂണിയനിൽ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി അഡ്വ. നീരാവിൽ എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് മൺറോത്തുരുത് ഭാസി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സിബു വൈഷ്ണവ്, സജീവ്, കൗൺസിലർമാരായ അനിൽകുമാർ, വിശ്വ പ്രതാപ്, ഹനിഷ്, പ്രിൻസ് സത്യൻ, ഷൈബു തുടങ്ങിയവർ പങ്കെടുത്തു. യൂണിയന് കിഴിലുള്ള 44 ശാഖകളിലും ഐക്യദീപം തെളിഞ്ഞു.