rain
പെരുമഴ തുടങ്ങി, തീരാദുരിതങ്ങളും

കൊല്ലം: കാത്തിരിപ്പിനൊടുവിലെത്തിയ വേനൽമഴ ശക്തി പ്രാപിച്ചതോടെ ജില്ലയിൽ ദുരിതങ്ങൾ പെയ്‌തു തോരുന്നില്ല. ജില്ലയിൽ നിരവധി വീടുകളാണ് മഴയിൽ തകർന്നത്. കനത്ത കാറ്റും ഇടിമിന്നലും കൂടി ആയതോടെ ആശങ്കയുടെ കാർമേഘം കനക്കുകയാണ്. കൊടുംചൂടിൽ എത്തിയ വേനൽമഴ ആദ്യ ദിനങ്ങളിൽ ജില്ലയ്ക്കാകെ ആശ്വാസമായിരുന്നു.

പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴയെന്ന സ്ഥിതിയിലേക്ക് മാറി. കിഴക്കൻ മേഖലയിലുൾപ്പെടെ പല ഭാഗങ്ങളിലും ഉച്ചകഴിഞ്ഞ് പെയ്‌ത് തുടങ്ങുന്ന മഴ അടുത്ത ദിവസം പുലർച്ചെ വരെ തുടരുകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലേയും കുടിവെള്ളക്ഷാമത്തിന് മഴ വലിയതോതിൽ ആശ്വാസമായെങ്കിലും ജനജീവിതത്തെയും ബാധിച്ച് തുടങ്ങി. ജില്ലയിലെ പ്രത്യേക മേഖലകളിൽ കാർഷിക മേഖലയെയും മഴ ചതിക്കുന്നുണ്ട്.

 വീടുകൾ തകർന്ന് ലക്ഷങ്ങളുടെ നഷ്ടം

314 വീടുകളാണ് ഏപ്രിൽ മുതൽ മേയ് 11 വരെ ജില്ലയിൽ തകർന്നത്. മൂന്ന് വീടുകൾ പൂർണ്ണമായി തകർന്നപ്പോൾ 311 വീടുകൾക്ക് ഭാഗീകമായി കേടുപാടുകൾ സംഭവിച്ചു. ഇവയുടെ പുനർനിർമ്മാണത്തിനും നവീകരണത്തിനുമായി ലക്ഷങ്ങൾ വേണ്ടിവരും. വരും ദിനങ്ങൾ നഷ്ടത്തിന്റെ തോത് ഉയരാനാണ് സാദ്ധ്യത. മരങ്ങൾ കടപുഴകി വീണാണ് കൂടുതൽ വീടുകളും തകർന്നത്. കെ.എസ്.ഇ.ബിയുടെ പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവയും വ്യാപകമായി നശിച്ചു.

 പ്രതിരോധ പ്രവർത്തനങ്ങളെ ബാധിച്ചേക്കും

പെരുമഴക്കാലം പകർച്ചവ്യാധി കാലം കൂടിയാൻ സാദ്ധ്യതയേറെയാണ്. കൊവിഡിനൊപ്പം ഡെങ്കിപ്പനിയും പകർച്ചപനിയും കൂടി എത്തിയാൽ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയേക്കാം. ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വീടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ട ബാദ്ധ്യത ജനങ്ങൾ ഏറ്റെടുത്തേ മതിയാകൂ

 ഇടിമിന്നലുള്ളപ്പോൾ

1. വീടിനുള്ളിലാണെങ്കിൽ കമ്പികൾ, പൈപ്പ് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ കൈകാര്യം ചെയ്യരുത്

2. ഫോൺ, ടെലിവിഷൻ എന്നിവ ഉപയോഗിക്കരുത്

3. ഭിത്തിയിൽ തൊടരുത്, പുറത്തേക്കുള്ള ജനലുകൾ, വാതിലുകൾ എന്നിവയുടെ അടുത്ത് പോകരുത്

4. വൈദ്യുതോപകരണങ്ങളുടെ പ്ലഗ് മുൻകൂട്ടി ഊരിയിടുക

5. ഇടിമിന്നൽ സമയത്ത് മഴയേൽക്കാതിരിക്കാൻ മരങ്ങളുടെ ചുവട്ടിലും സമീപത്തും പോകരുത്

6. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കരുത്

7. ജലാശയങ്ങളിൽ നീന്താനും മത്സ്യബന്ധനത്തിനും പോകരുത്

ജില്ലാ കൺട്രോൾ റൂം നമ്പരുകൾ: 0474 2794002 0474 2794004 1077