പണ്ട് കോഴിക്കോടൊരു പിടിച്ചുപറിക്കാരൻ കോയ ഉണ്ടായിരുന്നു. കോയ എല്ലാ ചന്തകളിലും പോയി പിരിവെടുക്കും. വെയിലോ മഴയോ പകലോ രാത്രിയോ ഒന്നും പ്രശ്‌നമേയല്ലായിരുന്നു. ചട്ടമ്പി പിരിവ് കോയയ്ക്ക് തന്നെ കിട്ടണം. കിട്ടാനുള്ള ഏത് വളഞ്ഞവഴിയും നോക്കും. കോഴിക്കോട്ടെ കോയയേക്കാൾ കഷ്ടമാണ് ചില എക്‌സൈസ് ഉദ്യോഗസ്ഥരുടെ വളഞ്ഞവഴി പിരിവ്. കൊവിഡ് കാലമായാലും പിരിക്കേണ്ടവർ പിരിച്ചുകൊണ്ടേയിരിക്കും. കാറ്റുള്ളപ്പോൾ തൂറ്റുക തന്നെ വേണമെന്നാണ് ഇത്തരക്കാരുടെ മനസ്. ഇപ്പോൾ ബാറും മറ്റും തുറക്കാത്തതു കൊണ്ട് പടി ഇനത്തിൽ ഉണ്ടായ കാര്യമായ കുറവ് പരിഹരിക്കാൻ മുന്തിയ വിദ്യയാണ് ചില ഉദ്യോഗസ്ഥർ പയറ്റുന്നത്. എല്ലാ ഉദ്യോഗസ്ഥരുമില്ല കേട്ടോ 65 ശതമാനം എക്‌സൈസ് ഉദ്യോഗസ്ഥരും നല്ലവർ തന്നെ. ബാക്കി 35 ശതമാനം പോരേ എക്‌സൈസ് വകുപ്പിനെയാകെ നാറ്റിക്കാൻ.
ജയിലുകളിലേക്ക് കുറച്ച് ആളുകളെ വിട്ടാൽ മതിയെന്നാണ് ഇപ്പോൾ തത്വത്തിൽ തീരുമാനം. സർക്കാർ മദ്യശാലകളില്ലാത്തതിനാൽ കഴിഞ്ഞ രണ്ടുമാസമായി വാറ്റുകാർക്ക് സുവർണ കാലമാണ്. രാപകലില്ലാതെയാണ് വാറ്റ്. നല്ല വരുമാനമല്ലേ. ചിലർ സ്പിരിറ്റ് കൊണ്ടുവന്ന് നിറം ചേർത്ത് വിദേശമദ്യമെന്ന ലേബലിലും വിറ്റു. കുറച്ചു പേരെ മാത്രം പിടിച്ചു. നല്ല ഉദ്യോഗസ്ഥർ അതെല്ലാം കേസാക്കി. പക്ഷേ വാറ്റിയ പലരിലും തങ്ങളുടെ ഭാഗ്യക്കുറി ചില എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടു. അവരെയൊക്കെ പേരിന് അറസ്റ്റുചെയ്തു വിട്ടയച്ചു. ചെറിയ വകുപ്പും ചുമത്തി. ഒരാളെ ഒരുപാട് പ്രാവശ്യം അറസ്‌റ്റു ചെയ്യാനാവുമോ? ചിലരുടെ ചോദ്യം കേട്ടാൽ ഒരിക്കൽ വാറ്റുകേസിൽ പിടിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ അയാൾക്ക് എപ്പോഴും വാറ്റാമെന്നാണ്.
ഉണ്ടാക്കിയ കുപ്പിക്ക് അനുസരിച്ച് കണക്ക് പറഞ്ഞ് പലരും കമ്മിഷൻ വാങ്ങിയത്രെ. കിട്ടിയതെല്ലാം വീതിച്ചെടുത്തു. ചില വനിതാ ഉദ്യോഗസ്ഥർ വിഹിതം വേണ്ടെന്ന് പറഞ്ഞപ്പോൾ ചിലയിടത്ത് കിട്ടിയത് പോരായെന്ന് പറഞ്ഞവരും ഉണ്ടത്രേ. ചിലയിടത്ത് വനിതകളെ അറിയിക്കാറേയില്ല. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരുണ്ടോ ഇതൊക്കെ അറിയുന്നു. കൊല്ലത്ത് ചാരായവും വാറ്റും പിടിക്കുമ്പോൾ അത് കൂടുതലും ആലപ്പുഴ ജില്ലയുടെ ഭാഗങ്ങളിൽ നിന്നാണെന്ന് പറയും. ആലപ്പുഴയിൽ പിടിക്കുമ്പോൾ കൊല്ലത്തു നിന്നെന്നും പറയും. കൊല്ലത്തിന്റെ അതിർത്തികളിൽ എന്താ വാറ്റുകാരെ അഴിച്ചുവിട്ടിരിക്കുകയാണോ? എന്തുതന്നെയാലും വാങ്ങേണ്ടത് ഞങ്ങൾ വാങ്ങിയിരിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ചില ഉദ്യോഗസ്ഥർ. ഇനിയിപ്പോ ബാറുകളിലുടെ മദ്യം പാർസലായി കൊടുക്കാൻ പോകുന്നുണ്ട്. പലരും ആ പ്രതീക്ഷയിൽ മനസിൽ ലഡുവും പൊട്ടിച്ച് കാത്തിരിക്കുകയാണ്.