കൊല്ലം: മരം വീണ് റെയിൽവേ വൈദ്യുതി ലൈൻ പൊട്ടിയതിനാൽ ഡൽഹിയിലേക്കുള്ള രാജധാനി എക്‌സ്‌പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനിൽ രണ്ട് മണിക്കൂറോളം പിടിച്ചിട്ടു. വെള്ളിയാഴ്‌ച രാത്രി ഒമ്പതരയോടെ കരുനാഗപ്പള്ളി ചിറ്റുമൂല റെയിൽവേ ഗേറ്റിന് സമീപം കടത്തൂരായിരുന്നു അപകടം. ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി റെയിൽവേ ലൈനിന് മുകളിലേക്ക് വീണ് തീ ചിതറിയതോടെ പരിസരവാസികളും ഭയന്നു.
വിവരമറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി ട്രാക്കിലേക്ക് വീണ് മരം വെട്ടിമാറ്റി. ഇതേസമയം തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കുള്ള രാജധാനി എക്‌സ്‌പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനിലെത്തിയിരുന്നു. ട്രാക്കിലെ തടസം മനസിലാക്കി ട്രെയിൻ അവിടെ പിടിച്ചിട്ടു. റെയിൽവേ എൻജിനീയറിംഗ് വിഭാഗമെത്തി വൈദ്യുതി ലൈനിന്റെ തകരാർ പരിഹരിച്ച ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. ഡൽഹിയിൽ നിന്ന് മലയാളികളുമായി തിരുവനന്തപുരത്തെത്തിയ ട്രെയിനിന്റെ മടക്കയാത്ര ആയിരുന്നു ഇത്.