ഓഫീസ് ഉപകരണങ്ങളും കമ്പ്യൂട്ടറുകളും കത്തിനശിച്ചു
കൊല്ലം: വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ കരിക്കോട് ടി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ ഒന്നാം നിലയിലെ പ്രിൻസിപ്പലിന്റെ ഓഫീസ് മുറിക്ക് തീപിടിച്ചു. കമ്പ്യൂട്ടറുകൾ അടക്കം ഓഫീസ് ഉപകരണങ്ങൾ കത്തിനശിച്ചു.
രാത്രി 10 മണിയോടെയായിരുന്നു സംഭവം. മുറിയിലുണ്ടായിരുന്ന ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, സി.സി ടി.വി കാമറകൾ, എയർ കണ്ടീഷണറുകൾ, ഫയലുകൾ, അലമാരകൾ, കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ, ജീവനക്കാരുടെ സർവീസ് ബുക്കുകൾ, മറ്റ് ഫർണീച്ചറുകൾ തുടങ്ങിയവയാണ് കത്തിനശിച്ചത്. കടപ്പാക്കടയിൽ നിന്നെത്തിയ അഗ്നിശമന സേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
തീ ഉയരുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാരനാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നഷ്ടം കണക്കാക്കി വരുന്നതേയുള്ളു. കടപ്പാക്കട അസി. സ്റ്റേഷൻ ഓഫീസർ പി. ശശിധരൻ, സീനിയർ ഫയർ ഓഫീസർ പി.ടി. ദിലീപ്, ഫയർ ഓഫീസർമാരായ വിമൽ, മുരുകൻ, രതീഷ്, വിജേഷ്, വർണിനാഥ്, സ്റ്റാൻലി എന്നിവരടങ്ങിയസംഘമാണ് തീ കെടുത്തിയത്.