പൊലീസ് നിരീക്ഷണം ശക്തമാക്കി
കൊല്ലം: മടക്കയാത്ര വൈകുന്ന സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ചകളിലേതിന് സമാനമായി ശക്തമായ നിരീക്ഷണമാണ് സിറ്റി, റൂറൽ പൊലീസ് ജില്ലകളിൽ ഉറപ്പാക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന് 9,269 തൊഴിലാളികൾ ജില്ലാ ഭരണകൂടത്തോടാവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ട്രെയിൻ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന മണിക്കൂറുകളിൽ ഒഴിവാക്കിയിരുന്നു. പ്രത്യേക ട്രെയിനുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. മറ്റ് ജില്ലകളിൽ നിന്ന് തൊഴിലാളികൾ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങുമ്പോൾ കൊല്ലത്ത് യാത്ര നീളുന്നതിൽ പലരും അസ്വസ്ഥരാണ്. ഇത് പ്രകോപനത്തിലേക്ക് വഴി മാറാനുള്ള സാദ്ധ്യത കണ്ടാണ് പൊലീസ് നിരീക്ഷണം കർശനമാക്കിയത്. എം.സി റോഡിന്റെയും ദേശീയപാതയുടെയും വശങ്ങളിലെ ക്യാമ്പുകളാണ് പൊലീസ് ഗൗരവത്തോടെ കാണുന്നത്. സംസ്ഥാനത്ത് പലയിടത്തും ഉണ്ടായതിന് സമാനമായി റോഡുപരോധത്തിലേക്ക് നീളുന്ന ചെറിയ പ്രതിഷേധം പോലും സംസ്ഥാന ശ്രദ്ധ നേടുന്നതിലേക്ക് വളർന്നേക്കാം. അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ അസ്വസ്ഥത ക്രമസമാധാന പ്രശ്നമായേക്കുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ലോക്ക് ഡൗൺ കാലത്ത് പൊലീസ് മുന്നിട്ടിറങ്ങിയിരുന്നത്. ഇപ്പോൾ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന സമയത്തും വലിയ ഉത്തരവാദിത്വമാണ് പൊലീസ് ഏറ്റെടുക്കുന്നത്.
തൊഴിലാളികൾക്ക് നാട്ടിൽ പോകണം
ജില്ലയിലെ 19,669 അന്യ സംസ്ഥാന തൊഴിലാളികളിൽ 9,269 പേരും നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചവരാണ്. ഇവരിൽ 6570 തൊഴിലാളികൾ പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്. ലോക്ക് ഡൗൺ ഇളവുകൾ വന്നെങ്കിലും നിർമ്മാണ മേഖല സജീവമാകാത്തും വരുമാനം ഇല്ലാത്തതുമാണ് തൊഴിലാളികളെ വലയ്ക്കുന്നത്. അടിസ്ഥാന സൗകര്യമില്ലാത്തിടത്ത് പോലും തൊഴിലാളികൾ നൽകേണ്ടി വരുന്നത് മുന്തിയ വാടകയാണ്. വരുമാനമില്ലാതെ വാടകയും ഭക്ഷണ ചിലവും പലർക്കും താങ്ങാനാകുന്നില്ല.
എണ്ണത്തിലെ അവ്യക്തത പരിഹരിച്ചു
തൊഴിൽ വകുപ്പും ജില്ലാ ഭരണകൂടവും പ്രത്യേകമായി അന്യ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുത്തിരുന്നു. രണ്ട് വകുപ്പുകളുടെയും ആദ്യ കണക്കിൽ വലിയ അന്തരമുണ്ടായിരുന്നു. അവസാന ഘട്ടത്തിൽ പൊലീസിന്റെയും തൊഴിൽ വകുപ്പിന്റെയും കണക്കുകൾ പരിശോധിച്ച് വ്യക്തത വരുത്തിയെന്നാണ് തൊഴിൽ വകുപ്പിന്റെ നിലപാട്. സർക്കാരിന്റെ കണ്ണ് വെട്ടിച്ച് കഴിയുന്ന തൊഴിലാളികൾ ഇനിയുമുണ്ടെന്നാണ് വിവരം. ശൂരനാട് വടക്ക് ആനയടിയിലെ സ്വകാര്യ കാഷ്യൂ ഫാക്ടറിയിൽ ബംഗാളികളെന്ന വ്യാജേന ജോലി ചെയ്ത ബംഗ്ലാദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആകെ തൊഴിലാളികൾ:19,669
നാട്ടിലേക്ക് പോകുന്നവർ: 9,269
പൊലീസ് ഇടപെടൽ ശക്തമാക്കി
1. നൂറിനടുത്ത് തൊഴിലാളികളുള്ളള ക്യാമ്പുകളുടെ ചുമതല ഡിവൈ.എസ്.പിമാർക്ക്
2. അമ്പതിനടുത്ത് തൊഴിലാളികളുടെ ചുമതല സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക്
3. അമ്പതിൽ താഴെയുള്ള ക്യാമ്പുകളുടെ ചുമതല മൈഗ്രന്റ് ലേബേഴ്‌സ് ലെയ്‌സൺ ഓഫീസർമാർക്ക്
4. എല്ലാ ക്യാമ്പുകളിലും 112 എന്ന നമ്പരും കൊവിഡ് കൺട്രോൾ റൂം നമ്പരുകളും പ്രദർശിപ്പിച്ചിട്ടുണ്ട്
5. ഹിന്ദി അറിയാവുന്ന ഹോം ഗാർഡുകളെയും നിയോഗിച്ചു
6. വിവിധ ഭാഷകൾ അറിയാവുന്നവരെ കൺട്രോൾ റൂമുകളിൽ നിയോഗിച്ചു
(സിറ്റി, റൂറൽ പൊലീസ് ജില്ലകളിൽ വ്യത്യസ്ത തരത്തിലാണ് ക്യാമ്പുകളിലെ ഇടപെടൽ )
........................................
''
അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പൊലീസ് നിരീക്ഷണമുണ്ട്. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് ചുമതല വിഭജിച്ച് നൽകിയിട്ടുണ്ട്.
ടി.നാരായണൻ,
സിറ്റി പൊലീസ് കമ്മിഷണർ