കൊല്ലം: പാടിയും പറഞ്ഞും ലോക്ക് ഡൗൺ കാലത്തെ വീട്ടിലിരിപ്പിലും സുഖം കണ്ടെത്തുകയാണ് മലയാളികളുടെ ഇഷ്ടഗായകൻ പന്തളം ബാലൻ. വർഷം മുഴുക്കെ സംഗീത പരിപാടികളുടെ തിരക്കുള്ള ബാലന് ഇത്രയും ദിവസം വീട്ടിലിരുന്ന കാലഘട്ടത്തെപ്പറ്റി ഓർമ്മപോലുമില്ല. ലോക്ക് ഡൗൺ എന്ന് കേട്ടപ്പോൾ ആദ്യം ഭയമാണ് തോന്നിയത്. ഉത്സവ സീസണല്ലേ, കലാരംഗത്തുള്ളവർക്കെല്ലാം അത് ബാധിക്കുമെന്ന ആശങ്ക.
ആദ്യ ദിനങ്ങൾ പിന്നിട്ടപ്പോൾതന്നെ വീട്ടിലിരിപ്പിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. പിന്നെ പാടാൻ തുടങ്ങി. സങ്കടവും സന്തോഷവും ഉള്ളപ്പോൾ പാട്ടുകൾ പാടാറുണ്ട്. വീട്ടിലെ പാട്ടുപെട്ടി തുറന്നാൽ ഭാര്യ ലക്ഷ്മിയും അമ്മ കമലാക്ഷിയും ഭാര്യാമാതാവ് ഇന്ദിരാ ദേവിയും മക്കൾ അഖിലും അമലുമൊക്കെ അടുത്തുകൂടും. അവരും കൂടെക്കൂടും. വീട്ടിൽ ഇരുന്ന് പാടുന്നത് മറ്റുള്ളവരെക്കൂടി കേൾപ്പിക്കാനാണ് നവമാദ്ധ്യമങ്ങളെ കൂട്ടുപിടിച്ചത്. അത് വലിയ ഭാഗ്യമായി മാറി. ലോകത്തിന്റെ നാനാ കോണുകളിലും പന്തളം ബാലന്റെ പാട്ടുകൾക്ക് ചെവികൊടുക്കാൻ ആരാധകരുണ്ട്.
കമലദളത്തിലെ സുമുഹൂർത്തമാ.. സ്വസ്തി, ഭരതത്തിലെ രാമകഥ ഗാനലം, എന്റെ നന്ദിനിക്കുട്ടിയ്ക്ക് എന്ന ചിത്രത്തിലെ പുഴയോരഴകുള്ള പെണ്ണ് തുടങ്ങിയ ഗാനങ്ങൾ നൂറിലധികം തവണ അവർ പാടിച്ചു. ആവശ്യപ്പെടുന്ന പാട്ടുകൾ പാടുന്നതിനും അന്നും ഇന്നും പന്തളം ബാലന് മടിയില്ല. ഗാനമേള സ്റ്റേജുകളിലും അത് പതിവാണ്. എണ്ണായിരത്തിലധികം വേദികളിൽ ഗാനമേളകൾ അവതരിപ്പിക്കുകയും സംഗീത കച്ചേരി നടത്തുകയും ചെയ്ത പന്തളം ബാലന് കടുകട്ടി പാട്ടുകൾ പാടാനാണ് കൂടുതലിഷ്ടം.
പത്തനംതിട്ട ജില്ലയിലെ പന്തളത്താണ് 1970 മെയ് 30ന് പന്തളം ബാലൻ ജനിച്ചത്. ജന്മനാടിനെ പേരിനൊപ്പം ചേർത്തുവച്ചെങ്കിലും താമസം തിരുവനന്തപുരം പേരൂർക്കട വാഴവിള ഐശ്വര്യ ഗാർഡൻസിൽ മയൂരത്തിലേക്ക് മാറ്റി. ജന്മ നാട്ടിലും അനന്തപുരിയിലും മാത്രമല്ല, ലോകം മുഴുക്കെ ബാലന്റെ സൗഹൃദവലയമുണ്ട്. അവരൊക്കെ ലോക്ക് ഡൗൺ കാലത്ത് വിളിച്ച് വിശേഷങ്ങൾ തിരക്കി പാട്ടുകൾ പാടിക്കും. വിവിധ സംഘടനകൾ ലൈവ് പരിപാടികൾക്കും അവസരമൊരുക്കി. എന്തായാലും അതൊക്കെ രസാനുഭവങ്ങളായി മാറുകയായിരുന്നുവെന്ന് പന്തളം ബാലൻ പറഞ്ഞു. ഞായറാഴ്ച ടൊറന്റോയിലെ ആൽത്തറക്കൂട്ടം പരിപാടിയും ബാലന്റെ ലൈവ് പാട്ടുകളുണ്ട്.
"ഇന്നത്തെ തീയതി അറിയില്ല, ദിവസമേതെന്ന് അറിയില്ല, നാട്ടിലെ പൊതുകാര്യങ്ങളൊഴികെ മറ്റൊന്നുമറിയുന്നില്ല...കൊവിഡും ഈ ലോക്ക് ഡൗൺ കാലവും ഒരുപാട് പാഠങ്ങളാണ് പഠിപ്പിച്ചത്. ലോക്ക് ഡൗൺ കാലത്ത് സമൂഹത്തിന് വേണ്ടി ഞാൻ ഒരുപാട് പാട്ടുകൾ പാടി. പ്രവാസികളടക്കമുള്ളവർക്ക് അതൊരു സാന്ത്വനമായി മാറിയിട്ടുണ്ടാകുമെന്നാണ് എന്റെ വിശ്വാസം. വൈറസിന് ജാതിയോ മതമോ നിറമോ ഇല്ല, അത് ആരിലേക്കും പടർന്നുപിടിക്കും. പൗരത്വത്തിന്റെ പേരിൽ വേർതിരിവുകൾ കാണപ്പെട്ടത് അടുത്തിടെയാണ്. ഇപ്പോൾ അത്തരം വിഷയങ്ങൾ നമ്മൾ മറന്നു. മനുഷ്യന്റെ ജീവനാണ് പ്രാധാന്യമെന്ന വലിയ സന്ദേശം നമുക്ക് ലഭിച്ചു. കലാകാരൻമാരുടെ ബുദ്ധിമുട്ടുകൾക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്നുതന്നെയാണ് സർക്കാരിനോടും പൊതുസമൂഹത്തോടും പറയാനുള്ളത് "- പന്തളം ബാലൻ പറഞ്ഞു.