photo

കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കല്ലുംതാഴം ജംഗ്ഷനു സമീപം വാഹനങ്ങൾ അപകടത്തിൽപ്പെട്ടു, സ്കൂട്ടർ യാത്രികൻ മരിച്ചു, നാലുപേർക്ക് പരിക്ക്. കൊല്ലം മങ്ങാട് കായൽവാരത്ത് മാതേപ്പള്ളി വീട്ടിൽ സന്തോഷ് (49)ആണ് മരിച്ചത്. കൊല്ലത്ത് നിന്നും കരിക്കോട് ഭാഗത്തേയ്ക്ക് പോയ വാഗൺ ആർ കാർ പാലക്കടവിന് സമീപം വച്ച് ഒരു ബൈക്കിൽ ഇടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മുന്നോട്ട് നീങ്ങി എതിരെ വന്ന സന്തോഷിന്റെ സ്കൂട്ടറിൽ ഇടിയ്ക്കുകയുമായിരുന്നു. ഇടിയെത്തുടർന്ന് സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ സന്തോഷിന്റെ ദേഹത്തുകൂടി പെട്ടി ഓട്ടോ കയറിയിറങ്ങുകയും മറിയുകയും ചെയ്തു. മറ്റൊരു കാറിനും പെട്ടി ഓട്ടോയ്ക്കും ഇടയിൽപ്പെട്ട സന്തോഷ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പെട്ടി ഓട്ടോയിൽ സഞ്ചരിച്ച പള്ളിമുക്ക് സ്വദേശികളായ മൂന്നു പേരെ ജില്ലാ ആശുപത്രിയിലും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കിളികൊല്ലൂർ പൊലീസ് കേസെടുത്തു.