വേനൽമഴയിൽ പാടത്ത് വെള്ളം കയറുന്നു
ചാത്തന്നൂർ: പുന്നെല്ല് കുത്തി തിരുവോണം ഉണ്ണാൻ കാത്തിരുന്ന പോളച്ചിറ ഏലായിലെ കർഷകർ പൊന്നുവിളഞ്ഞ നെൽക്കതിർ
കൊയ്തെടുക്കാനാകാതെ കണ്ണീരണിയുന്നു. തിമിർത്തു പെയ്യുന്ന വേനൽമഴ തങ്ങളുടെ ഏറെനാളത്തെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും കവർന്നെടുക്കുന്നത് നെഞ്ചിടിപ്പോടെ കണ്ടുനിൽക്കേണ്ട ഗതികേടിലാണവർ.
കഴിഞ്ഞ ദിവസം പോളച്ചിറ ഏലായിൽ കൊയ്ത്ത് ആരംഭിച്ചെങ്കിലും ഉദ്ഘാടനത്തിന് പിന്നാലെ മുടങ്ങി. മഴവെള്ളം കയറി വിള നശിക്കുന്ന സാഹചര്യത്തിൽ കൊയ്ത്ത് മുടങ്ങിയത് കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥയും പദ്ധതി നിർവഹണത്തിലെ ആസൂത്രണമില്ലായ്മയുമാണ് പോളച്ചിറയിലെ കൃഷി അവതാളത്തിലാക്കിയതെന്ന് കർഷകർ ആരോപിക്കുന്നു. കൂനിന്മേൽ കുരു പോലെ കൊയ്ത്ത് യന്ത്രത്തിന്റെ ഓപ്പറേറ്റർമാരുടെ ശീതസമരവും പ്രശ്നം സങ്കീർണമാക്കുകയാണ്.
പാടശേഖരസമിതിയുടെ അപേക്ഷ പ്രകാരം കൃഷി വകുപ്പിന്റെ ശുപാർശയോടെ ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്ത് മെതി യന്ത്രം വാടകയ്ക്ക് എടുത്താണ് ഏലായിൽ കൊയ്ത്ത് ആരംഭിച്ചത്. പ്രതീക്ഷിക്കാതെ വേനൽമഴ ശക്തമായതോടെ രണ്ട് കൊയ്ത്ത് യന്ത്രം ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കുവാൻ അധികൃതർ പരിശ്രമിച്ചില്ലെന്ന ആക്ഷേപമുണ്ട്.
കരാർ മാറ്റിയെഴുതണം; ഓപ്പറേറ്റർമാർക്ക് പിടിവാശി
നിലവിലുള്ള യന്ത്രത്തിന്റെ ഓപ്പറേറ്റർമാരുടെ ഉത്തരവാദിത്തമില്ലായ്മയും പിടിവാശിയും സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. ഉദ്ഘാടനത്തോടെ കൊയ്ത്ത് അവസാനിപ്പിച്ച മട്ടിലാണ് ഓപ്പറേറ്റർമാർ. കഴിഞ്ഞ നാല് ദിവസങ്ങളിലും കൊയ്ത്ത് നടന്നിട്ടില്ല. പാടശേഖര സമിതിക്ക് കൊയ്ത്ത് യന്ത്രം കൈമാറിയതോടെ ഞങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞെന്ന നിലപാടിലാണ് കൃഷി വകുപ്പും ജില്ലാ പഞ്ചായത്തും.
മണിക്കൂറിന് അഞ്ഞൂറ് രൂപ നിരക്കിൽ ജില്ലാ പഞ്ചായത്തിന് നൽകിയാണ് കൊയ്ത്ത് യന്ത്രം വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇത് കൂടാതെ യന്ത്രത്തിനുള്ള ഡീസലും ഓപ്പറേറ്റർമാരുടെ കൂലിയും പാടശേഖര സമിതി നൽകണമെന്നായിരുന്നു വ്യവസ്‌ഥ. എന്നാൽ ഓപ്പറേറ്റർമാർ മറ്റൊരു കരാർ ഉണ്ടാക്കാൻ ശ്രമിച്ചതിന് പാടശേഖര സമിതി വഴങ്ങാത്തതാണ് ഓപ്പറേറ്റർമാരുടെ അനാസ്ഥയ്‌ക്ക് കാരണമെന്നും ആക്ഷേപമുണ്ട്.